കായിക വികസനം പ്രഖ്യാപനങ്ങളിൽ ഒതുങ്ങരുത്

Written by Web Desk1

Updated on:

ഒട്ടേറെ പ്രതീക്ഷകളോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കായിക ഉച്ചകോടിയിലുണ്ടായ പ്രഖ്യാപനങ്ങൾ പാഴ്വാക്കായി മാറരുത്. കേരളത്തിൽ കായിക സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാലു ദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്. ഇതിലൂടെ 25 കായിക പദ്ധതികളിലായി 5025 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ഉറപ്പാക്കാനായെന്നാണ് അവകാശവാദം. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാനുള്ള പ്രായോഗിക നടപടികൾ 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 10000 തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കപ്പെടുമെന്നും കായിക മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ കായിക മേഖലയുടെ പങ്കു നിലവിലുള്ള ഒരു ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഉച്ചകോടിയിൽ പ്രഖ്യാപനങ്ങൾ എത്രത്തോളം യാഥാർഥ്യമാകുമെന്നാണ് കായിക കേരളം ഉറ്റുനോക്കുന്നത്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്‌ഥാനത്തു പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. കായിക ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ ആ നിലയിലും പ്രതീക്ഷ നൽകുന്നതാണ്. പക്ഷെ, അതെല്ലാം വെറും പ്രഖ്യാപനങ്ങളും സ്വപ്നങ്ങളും മാത്രമായി ഒതുങ്ങിപ്പോകില്ലെന്നു ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.

കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടെന്നു സർക്കാർ പറയുമ്പോഴും ചുവപ്പുനാടക്കുരുക്ക് ഉൾപ്പെടെ സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. കായിക സംരംഭങ്ങൾക്ക് ആവശ്യമായ അനുമതികളും ന്യായമായ ഇളവുകളും ഒട്ടും താമസമില്ലാതെ ലഭ്യമാക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും സർക്കാരിന് കഴിയണം.

ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് നിലവിലുള്ള കായിക സംരംഭങ്ങളുടെ പരിപാലനവും വികസനവും പ്രധാനമാണെന്നതും സർക്കാർ മറക്കരുത്. ദേശീയ ഗെയിംസിനായി ഒരുക്കിയ കളിക്കളങ്ങളും, കായികോപകരണങ്ങളുമെല്ലാം പരിപാലനമില്ലാതെ നശിച്ചു പോകുന്നതിന്റെ ഉത്തരവാദി സർക്കാർ തന്നെയാണ്.

ഏറ്റവും പ്രധാന പ്രശ്നം കായിക പ്രകടനങ്ങളിൽ നമ്മുടെ പിന്നോട്ടുപോക്കാണ് ദേശീയ തലത്തിൽ കേരളം മുന്നിലായിരുന്ന പല കായിക ഇനങ്ങളിലും ഇപ്പോൾ വളരെ പിന്നിലാണ്. ഇത് ഗൗരവമായി കാണണമെന്ന് കായിക ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആ നിലയിലുള്ള ചർച്ചകളോ ചിന്തകളോ ഉച്ചകോടിയിൽ കാര്യമായി ഉണ്ടായില്ല.

കായിക മികവിനായി ആവിഷ്കരിച്ച പല പദ്ധതികളും പരിശീലനവുമെല്ലാം പ്രതിസന്ധിയിലാണ്. 2022 അവസാനം പുറത്തിറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച പുതിയ കായിക നയമാകട്ടെ ഇപ്പോഴും കോൾഡ് സ്റ്റോറേജിൽ തുടരുകയാണ്. അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമില്ലെന്നു സർക്കാർ മനസ്സിലാക്കേണ്ടതാണ്.

See also  പട്ടികജാതിക്കാരോട് വേണോ ഈ അനീതി

Leave a Comment