വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം

Written by Web Desk1

Updated on:

കേരളത്തിലെ വ്യാപാരി സമൂഹം അനുഭവിക്കുന്ന വേദനകൾക്കും യാതനകൾക്കും അതിരില്ല, ചെറുകിട – ഇടത്തരം വ്യാപാരി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണ യാത്ര നടത്തി. കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രക്ക് പൊതുജനങ്ങളും പങ്കാളികളായി. ഈ സമൂഹം അനുഭവിക്കുന്ന യാതനകൾ സർക്കാർ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

നീണ്ട കോവിഡ് കാലത്തിന്റെ ആഘാതമേറ്റു ജീവിതം വഴിമുട്ടിയ എത്രയോ വ്യാപാരികളുണ്ട്. ലോക് ഡൗണിനെ തുടർന്ന് സംസ്ഥാന വ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടപ്പോൾ ചരക്ക്-സേവന നികുതി നൽകുന്ന 20000 കച്ചവടക്കാർ വ്യാപാരം നിറുത്തി. എന്നാൽ 2021 ൽ കേരള വ്യാപാരി വ്യവസായ സമിതിയാണ് ഇക്കാര്യമറിയിച്ചത്. സംസ്ഥാനത്തു 14 ലക്ഷത്തോളം വ്യാപാരികൾ ഒരു വര്ഷം ജി എസ് ടി ഇനത്തിൽ സഹസ്ര കോടികളാണ് സർക്കാരിന് നൽകുന്നത്.

കഠിന കാലത്തിൽ നിന്ന് വ്യാപാരി സമൂഹം ക്ലേശിച്ചു കരകയറുമ്പോൾ അതിജീവനം അസാധ്യമാകുംവിധം സർക്കാർ കൈതാങ്ങു നിഷേധിച്ചുകൂടാ. ജി എസ് ടി പിഴവുകൾ തിരുത്താൻ ഒറ്റത്തവണ അവസരം നൽകണമെന്നും കുടിശ്ശിക തുകയും പലിശയും എഴുതിത്തള്ളണമെന്നുമുള്ള ആവശ്യങ്ങളിൽ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് നിലവിൽ ജി എസ് ടി രെജിസ്ട്രേഷൻ വേണ്ട. ഇത് 2 കോടി രൂപയാക്കണമെന്നാണ് സമിതിയുടെ ആവശ്യം. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടം പരിഹരിക്കാൻ വിനിയോഗിക്കാനാവില്ല. ആ നിബന്ധനയിലും മാറ്റമുണ്ടാകണം.

രാജ്യത്തു വ്യാപാരവുമായി ബന്ധപ്പെട്ട ഒരു നയം നിലവിലില്ലെന്നത് വലിയ പോരായ്മയാണ്. അതുകൊണ്ടുതന്നെ ആർക്കും എവിടെയും കച്ചവടം തുടങ്ങാമെന്ന സ്ഥിതിയാണുള്ളത്. 100 കോടി മുടക്കി കച്ചവടം തുടങ്ങിയാലും അതിനൊരു പഠനം പോലും ആവശ്യം ഇല്ല. ഇതിനു മാറ്റമുണ്ടാകണം. അതിനു നയം അനിവാര്യമാണ്. കേരളത്തിൽ പ്രത്യേക വ്യാപാര മന്ത്രാലയം വേണമെന്ന് 1980 മുതൽ വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ പല വകുപ്പുകളിൽ കയറിയിറങ്ങണമെന്നതിനാൽ ലൈസൻസ് ഉൾപ്പെടെ എല്ലാം ഒരു കുടക്കീഴിലായാൽ ഏറെ ആശ്വാസകരമാകും. ഈ ആവശ്യത്തിന് വേഗം നടപടി ഉണ്ടാകേണ്ടതുണ്ട്.

വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം അംഗീകരിച്ചത് പ്രതീക്ഷക്കു വക നൽകുന്നുണ്ട്. ദേശീയ പാതയുടെ വികസനത്തോടനുബന്ധിച്ച് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ മാന്യമായ നഷ്ട പരിഹാരം നൽകാനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.

Leave a Comment