സംസ്ഥാനത്തെ സാധാരണക്കാരായ 42 ലക്ഷം ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പണമില്ലാത്തതിനാൽ വൻ പ്രതിസന്ധി നേരിടുകയാണ്. വിവിധ പനികൾ ബാധിച്ചവരെ കൊണ്ട് സംസ്ഥാനത്തെ ആശുപത്രികൾ നിറയുകയാണ്. പകർച്ച പനികളുടെ വ്യാപനം തടയാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമാക്കുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സാ സഹായവും. അത് മുടങ്ങാൻ പാടില്ല.
സർക്കാരിന്റെ കരുതലും കരുണയുമാണ് സാധാരണക്കാരായ രോഗികളുടെ എന്നത്തേയും പ്രതീക്ഷയെങ്കിലും അതിൽ നിഴൽ വീഴ്‌ത്തുന്ന കാര്യങ്ങളാണിപ്പോൾ ഉണ്ടാകുന്നത്. കാരുണ്യ സുരക്ഷാ പദ്ധതി കരുണയില്ലാതെ കെട്ടുപോകരുത്. ഈ പദ്ധതിപ്രകാരം ചികിത്സ നൽകിയതിന് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് 822.42 കോടി രൂപയും സ്വകാര്യ ആശുപത്രികൾക്ക് 208.37 കോടി രൂപയും സർക്കാരിൽ നിന്ന് കിട്ടാതെ കുടിശ്ശികയായിരിക്കുന്നു.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് കാരുണ്യ പദ്ധതിയുമായി തുടർന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ വ്യക്തമാക്കിക്കഴിഞ്ഞു. കുടിശ്ശിക എത്രയും വേഗം തീർത്തില്ലെങ്കിൽ ഒക്ടോബർ ഒന്ന് മുതൽ സ്വകാര്യ ആശുപത്രികൾ പദ്ധതി പ്രകാരമുള്ള ചികിത്സ നൽകില്ലെന്ന് അസോസിയേഷൻ അറിയിച്ചു. ഇക്കാര്യം സർക്കാർ വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്ക് മാത്രം 500 കോടിയിലേറെയാണ് കുടിശ്ശിക. മെഡിക്കൽ കോളേജുകൽ അടക്കം സർക്കാർ ആശുപത്രികളിൽ ആഞ്ജിയോ പ്ലാസ്റ്റിയ്ക്കുള്ള സ്റ്റെൻഡും അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് ഉപയോഗിക്കേണ്ട ഇമ്പ്ലാന്റു കളും വിലകൂടിയ മരുന്നുകളും പുറത്തെ ഏജൻസികളിൽ നിന്നാണ് വാങ്ങുന്നത്, വൻതുക കുടിശ്ശികയായതോടെ ഇനി മുൻകൂർ പണം കിട്ടാതെ സാധനങ്ങളും മരുന്നുകളും വിതരണം ചെയ്യില്ലെന്ന് പല ഏജൻസികളും പറഞ്ഞിട്ടുണ്ട്. ഇപ്പോൾത്തന്നെ പല ആശുപത്രികളും സാധാരണക്കാർക്കുള്ള സൗജന്യ ചികിത്സ നാമമാത്രമാക്കി കഴിഞ്ഞു. നിരാലംബ രോഗികൾക്ക് വലിയൊരു കൈത്താങ്ങായി ചുവപ്പുനാടകളില്ലാത്ത ആശുപത്രികൾക്ക് തുക അനുവദിക്കുന്ന ഈ പദ്ധതി പ്രയോജന രഹിതമായിപ്പോകുമോ എന്ന സംശയം സംസ്ഥാനത്തെ ഒട്ടേറെ രോഗികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.. അതി ദരിദ്രരായ 62000 കുടുംബങ്ങൾ ഉൾപ്പെടെയാണ് ചികിത്സാ സൗജന്യമില്ലാതെ വലയുന്നതെന്നുകൂടി ഓർക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ 200 സർക്കാർ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാക്കിയ പദ്ധതിയാണിപ്പോൾ ദുരവസ്ഥ നേരിടുന്നത്. മണിക്കൂറിൽ ശരാശരി 180 രോഗികൾ ഈ പദ്ധതി വഴി ചികിത്സാസഹായം തേടുന്നുവെന്നും 1667 ചികിത്സാ പാക്കേജുകൾ പദ്ധതിയിലുണ്ടെന്നുമൊക്കെ വീമ്പിളക്കിയ സർക്കാർ ഇപ്പോൾ എന്താണ് മറുപടി പറയുന്നത്? എത്രയും വേഗം ആശുപത്രികൾക്കുള്ള കുടിശ്ശിക അനുവദിച്ചു ചികിത്സാ സഹായം സുഗമമാക്കി ഈ നാട്ടിലെ സാധാരണക്കാരോടുള്ള പ്രതിബദ്ധത സർക്കാർ തെളിയിക്കുകതന്നെ വേണമെന്നേ ഇപ്പോൾ പറയാനുള്ളൂ.