ജനസേവനത്തിനിറങ്ങി കോടീശ്വരന്മാരായി

Written by Web Desk1

Updated on:

രാഷ്ട്രീയ നേതാക്കൾക്ക് കോടീശ്വരന്മാരാകാനുള്ള എളുപ്പ വഴിയായി സഹകരണ സംഘങ്ങൾ മാറിക്കഴിഞ്ഞു. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ നിരവധി സഹകരണ സംഘങ്ങളിലാണ് കോടികളുടെ അഴിമതി നടത്തിയിട്ടുള്ളത്. സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ലെന്നും സാധാരണക്കാരുടെ ആവശ്യങ്ങൾക്കുള്ളതാണെന്നും ഹൈക്കോടതി തന്നെ പറയുന്നു. കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും അത് സംവിധാനത്തെ തന്നെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും ചോദ്യം ചെയ്ത് കേസിലെ പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പാവപ്പെട്ട ജനങ്ങൾ കഷ്ട്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിച്ചിട്ടു അത് നഷ്ടമാവുകയും അവർക്ക് വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് സഹകരണ സംഘങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നത്. 15 സെന്റ് ഈട് വച്ചതിനു ഏഴു കോടിയോളം രൂപയാണ് വായ്പ നൽകിയിരിക്കുന്നത്. ഇതുകൊണ്ടാണ് ജനങ്ങൾക്ക് പണം നഷ്ടമാകുന്നത്. പണം തിരിച്ചു ലഭിക്കാതെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. കരുവന്നൂർ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.

ഇ ഡി അന്വേഷണം മൂന്നുവർഷമായി നടക്കുകയാണ്, അത് എന്തുകൊണ്ടന്നെന്നറിയില്ല.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ള സി പി എം നേതാക്കൾക്കെതിരെ മൊഴി ലഭിച്ചിട്ടുണ്ടെന്നു ഇ ഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബാങ്കിൽ നിന്ന് നിയമ വിരുദ്ധമായി വായ്പ അനുവദിക്കാൻ അന്ന് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ്, മുൻ തൃശൂർ ജില്ലാ സെക്രട്ടറി എ സി മൊയ്‌തീൻ, പാലൊളി മുഹമ്മദ്‌കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സമ്മർദമുണ്ടായെന്ന് ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ സുനിൽകുമാർ മൊഴി നൽകിയിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചിട്ടുണ്ട്.

സി പി എമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നും വൻ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. വൻ തോതിൽ വായ്പ തട്ടിപ്പ് നടന്ന ബാങ്കുകളിലെ സ്ഥിതിയും മറിച്ചല്ല.

രാഷ്ട്രീയ നേതാക്കൾക്ക് കോടീശ്വരന്മാരാകാനുള്ള കുറുക്കുവഴിയാണ് സഹകരണ ബാങ്കുകൾ എന്നതിന്റെ തെളിവാണിത്. അർദ്ധപ്പട്ടിണിക്കാരായ സാധാരണ ജനങ്ങളെ പെരുവഴിയിലാക്കിയ സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്, പാവപ്പെട്ടവരുടെ നിക്ഷേപത്തുകകൾ തിരിച്ചു നല്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികളുണ്ടാകണം. ഈ സംഭവങ്ങളോടെ സഹകരണ ബാങ്കുകളെ ജനങ്ങൾക്ക് വിശ്വാസമില്ലാതായിരിക്കുകയാണ്. ബാങ്കുകളുടെ ഭാവിയെത്തന്നെ ഇത് ബാധിക്കുകതന്നെ ചെയ്യും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളായി രാഷ്ട്രീയ നേതാക്കൾക്ക് കടുത്ത ശിക്ഷ തന്നെ നൽകേണ്ടതാണ്..

Leave a Comment