പട്ടികജാതിക്കാരോട് വേണോ ഈ അനീതി

Written by Web Desk1

Published on:

സംസ്ഥാനത്തു നടപ്പിലാക്കികൊണ്ടിരിക്കുന്ന പട്ടികജാതി പദ്ധതികളിൽ വ്യാപകമായ ക്രമക്കേടുകളാണ് വിജിലെൻസ് കണ്ടെത്തിയത്. കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വയോധികർക്കുള്ള കിടക്കകളും കാണാതായി. വിവിധ പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പു വരുത്താൻ ഓപ്പറേഷൻ പ്രൊട്ടക്ഷൻ എന്ന പേരിൽ വിജിലെൻസ് നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
ആനുകൂല്യങ്ങൾ നൽകുന്നത്തിനു ഗ്രാമ സഭകൾ തയ്യാറാക്കേണ്ട ഉപഭോക്‌തൃ പട്ടികയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി വാങ്ങിയ 34 ലാപ്ടോപ്പുകളിൽ 4 എണ്ണം കാണാനില്ല. കൊല്ലം കോര്പറേഷനിൽ 2010 – 19 ൽ വിതരണം ചെയ്യേണ്ടിയിരുന്ന 344 കിടക്കകളിൽ 34 എണ്ണം കാണാനില്ല. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ പഠന മുറിക്കായുള്ള മൂന്നാമത്തെ ഗഡു ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി രേഖയുണ്ടെങ്കിലും പണം അപേക്ഷകന് ലഭിച്ചില്ല.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒരു ഗുണഭോക്താവിന്‌ 2019 ൽ വാട്ടർ ടാങ്ക് വിതരണം ചെയ്യാതെ നൽകിയതായി രേഖയുണ്ടാക്കി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലും കൊല്ലം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലും പഠനമുറി നിർമ്മാണത്തിന് മുൻഗണന മറികടന്നു സാമ്പത്തിക സഹായം നൽകി. പത്തനംതിട്ട – തിരുവല്ല മുനിസിപ്പാലിറ്റികളിൽ ഗുണഭോക്തൃ പട്ടികയിൽ ഇല്ലാത്തവർക്കും ആനുകൂല്യങ്ങൾ നൽകി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റിൽ 52 അപേക്ഷകൾ ഉണ്ടായിരുന്നിട്ടും ലിസ്റ്റിൽ ഉൾപ്പെടാത്ത എട്ടുപേർക്കാണ് ഫണ്ട് അനുവദിച്ചത്. കാസർഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി ഭൂരഹിത പട്ടികജാതിക്കാർക്ക് സ്ഥലം വാങ്ങി നൽകുന്നത് ഒരേ ഭൂവുടമയിൽ നിന്നാണെന്നും വിജിലെൻസ് കണ്ടെത്തി. 45 ബ്ലോക്ക് പഞ്ചായത്തുകളിലും 10 മുനിസിപ്പാലിറ്റികളിലും 5 കോർപ്പറേഷനുകളിലും ഒരേ സമയത്തായിരുന്നു പരിശോധന. ഇത് തുടരുമെന്ന് വിജിലെൻസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

പട്ടികജാതി വിഭാഗക്കാരുടെ പേരിൽ നടക്കുന്ന ഇത്തരം തിരിമറികളും തട്ടിപ്പും വർഷങ്ങളായി തുടരുന്നതാണ്. പട്ടികജാതിക്കാർക്ക് വേണ്ടി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. പക്ഷെ, ഗുണഭോക്താക്കൾക്ക് ഇത് ലഭിക്കുന്നുണ്ടോയെന്ന അന്വേഷണം ഇപ്പോൾ മാത്രമാണ് നടക്കുന്നത്. വളരെ പണ്ട് മുതലേ പരാതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും നടപടികളെടുക്കാൻ തുനിഞ്ഞിട്ടില്ല. ഇതേക്കുറിച്ചു അന്വേഷിക്കാനും ആവശ്യമായ നടപടികളെടുക്കാനും സർക്കാർ തീരുമാനിച്ചത് സ്വാഗതാർഹമാണ്. കുറ്റവാളികൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികളെടുക്കാനും സർക്കാർ തയ്യാറാകേണ്ടതാണ്.. ദുർബ്ബല വിഭാഗങ്ങൾക്ക് അത് വലിയൊരാശ്വാസമാകും.

See also  റയില്‍വേ വികസനം; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണം

Leave a Comment