ബജറ്റിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല

Written by Web Desk1

Published on:

അതിസാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഒന്നുംതന്നെ കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലില്ല. സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല. ക്ഷേമ പെൻഷൻ അടുത്ത സാമ്പത്തിക വര്ഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബജറ്റവതരണത്തിൽ വ്യക്തമാക്കുന്നുണ്ട്. ക്ഷേമ പെൻഷനിൽ 100 രൂപയുടെ വര്ധനയെങ്കിലും പ്രതീക്ഷിച്ചവരെ നിരാശരാക്കി . 5 മാസത്തെ ക്ഷേമ പെൻഷൻ, ശമ്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം, യു ജി സി ശമ്പളം തുടങ്ങിയവയുടെ കുടിശ്ശിക പ്രതീക്ഷിച്ചവരെ കണ്ടഭാവം പോലും നടിക്കാത്ത ബജറ്റാണിത്.

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിച്ചു പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത് ശ്രദ്ധേയ തീരുമാനം തന്നെയാണ്. മറ്റു സംസ്ഥാനങ്ങളിലെ പുതിയ പുതിയ പദ്ധതികൾ കൂടി പഠിച്ചാവും ഇത് നടപ്പാക്കുക. അവസാനം വാങ്ങുന്ന അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക മാസംതോറും കിട്ടുന്ന പങ്കാളിത്ത പെൻഷൻ രീതിയാണ് ആന്ധ്ര നടപ്പാക്കിയത്.

ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചെറിയ ആശ്വാസമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 2019 ജൂലൈ മുതൽ പ്രാബല്യത്തോടെ 11-)0 ശമ്പള പരിഷ്കരണം നടപ്പിലാക്കിയപ്പോൾ പ്രഖ്യാപിച്ചതല്ലാതെ പുതിയ സർക്കാർ വന്നശേഷം ഡി എ വർധന അനുവദിച്ചിട്ടേയില്ല. ഈ വര്ഷം ജൂലൈ ആകുന്നതോടെ നിലവിലെ ശമ്പള പരിഷ്കരണം 5 വര്ഷം പൂർത്തിയാവുകയും ചെയ്യും. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ വന്ന ശമ്പള വർധനയിൽ ഏറിയ പങ്കും ,ടിശ്ശികയുണ്ടായിരുന്ന ഡി എ ഗഡുക്കൾ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചതിലൂടെയുള്ളതായിരുന്നു.
റബ്ബറിന് കിലോക്ക് 250 രൂപ സ്ഥിരവിലയാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. മറ്റു പല മേഖലകളിലെ കർഷകർക്കും ഇതുപോലെ നാമമാത്രമായ ആനുകൂല്യങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്.

സ്വകാര്യ മേഖലയുടെ സഹായത്തോടുകൂടി പുതിയ വികസന മാതൃകകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന പ്രഖ്യാപനത്തിലൂടെ സ്വകാര്യ നിക്ഷേപകരെ സർക്കാർ വിരുന്നു വിളിക്കുന്നത് കാണുമ്പോൾ സി പി എം ദശാബ്ദങ്ങളായി പിന്തുടർന്ന് പോന്ന സ്വകാര്യ നിക്ഷേപ വിരുദ്ധ നിലപാട് ഓർത്തുപോവുകയാണ്. സാമ്പത്തിക ഉദാരവൽക്കരണം, സ്വകാര്യവത്കരണം എന്നൊക്കെ കേട്ടാൽ കലിതുള്ളിയിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടുമാറ്റം കൗതുകകരമാണ്.

സ്വകാര്യ മേഖലയെ പരമാവധി പദ്ധതികളിൽ സഹകരിപ്പിക്കുകയാബ് ബജറ്റ്. വിദ്യാഭ്യാസ, ആരോഗ്യ, കായിക മേഖലകളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി ജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാനായുള്ള മൂന്നു ഫണ്ട് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചും സ്വകാര്യ നിക്ഷേപം ആകർഷിച്ചും സ്പെഷ്യൽ സോണുകൾ സൃഷ്ടിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നുണ്ട്.

Leave a Comment