യുവജനോത്സവത്തോടനുബന്ധിച്ച് നടന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാമെന്നാവശ്യപ്പെട്ടു കേരള സർവകലാശാല സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശപ്രകാരം റെജിസ്ട്രർ ആണ് പരാതി നൽകിയത്. കലോത്സവത്തിലെ കോഴ ആരോപണത്തിൽ അറസ്റ്റിലായ മാർഗംകളി വിധികർത്താവ് പി എൻ ഷാജി താൻ നിരപരാധിയാണെന്ന് കുറിപ്പെഴുതിവച്ചു രണ്ടു ദിവസം മുൻപ് ജീവനൊടുക്കിയിരുന്നു.
യുവജനോത്സവം സംഘടിപ്പിച്ചത് കാലാവധി കഴിഞ്ഞ സർവകലാശാലാ യൂണിയനാണെന്നു കണ്ടെത്തി. യൂണിയന്റെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കാൻ ഉത്തരവിട്ട വി സി., ഇവരുടെ ഉത്തരവാദിത്വങ്ങൾ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർക്ക് കൈമാറി. യുവജനോത്സവത്തിൽ അക്രമങ്ങളും കോഴ ആരോപണവും വിധികർത്താവിന്റെ ആത്മഹത്യയും പോലീസ് വിശദമായി അന്വേഷിക്കും. കോഴ ആരോപണവുമായി ബന്ധപ്പെട്ട കന്റോൺമെന്റ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ സർവകലാശാല നൽകിയ ഹർജിയും ഉൾപ്പെടുന്നുണ്ട്.
കലാപ്രകടനത്തിനു ഒരുങ്ങിവന്ന ചെറുപ്പക്കാർ കയ്യാങ്കളിയിലെത്തിയതാണ് കലോത്സവം അലങ്കോലമായത്. നമ്മുടെ കലാസാംസ്കാരിക മണ്ഡലത്തിന്റെ ഭാവികാലത്തു ചുവടുറപ്പിക്കേണ്ടവരാണ് വേദിയും അംഗീകാരവും നഷ്ട്ടപ്പെട്ട് മടങ്ങിയത്.
ഈ കലാപത്തിന് പിന്നിൽ ആരെന്നു കണ്ടെത്താൻ പോലീസിന്റെ ഊർജിതമായ അന്വേഷണം ആവശ്യമാണ്. കോഴ ആരോപണത്തിന് പിന്നിലും വിധികർത്താവിന്റെ ആത്മഹത്യക്കു പിന്നിലും ഒരു സംഘം തന്നെയാണെന്നുള്ളതെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
സിദ്ധാർത്ഥന്റെ മരണത്തിനു ശേഷമുണ്ടായ സംഭവമാണിത്. എസ് എഫ് ഐയുടെ ആക്രമണത്തിലാണ് ആ കലാശാല വിദ്യാർത്ഥി മരണമടഞ്ഞത്. അതേക്കുറിച്ചന്വേഷിക്കാൻ സി ബി ഐ യെ ഏൽപ്പിച്ചിട്ടുണ്ട്.
കലാലയങ്ങളിൽ നടക്കുന്ന ഇത്തരം അനിഷ്ട സംഭവങ്ങൾ ഭരണകക്ഷിയിൽപ്പെട്ട പ്രമുഖ പാർട്ടിയുടെ പോഷക സംഘടനയായ എസ് എഫ് ഐയുടെ നേതൃത്വത്തിലാണെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കേസിന്റെ ഭാവി എന്താകുമെന്ന് സിബിഐ അന്വേഷണത്തിന് ശേഷമേ ബോധ്യമാവുകയുള്ളൂ.
എന്തായാലും കലാലയങ്ങളിലെ അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ടിയിരിക്കുന്നു. അതിനു ഇത്തരം കേസുകളിൽ പോലീസിന്റെ നിഷ്പക്ഷമായ അന്വേഷണവും തുടർ നടപടികളുമാണ് വേണ്ടത്. ഇത്തരം അക്രമങ്ങൾ കലാലയങ്ങളിൽ ഇനി അരങ്ങേറാൻ പാടില്ല.