ഒരു ജന്മം മുഴുവൻ മക്കൾക്കുവേണ്ടി ജീവിച്ച മാതാപിതാക്കൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പോലും മനസ്സില്ലാത്ത മക്കൾ ഈ ലോകത്തിനു തന്നെ ഭാരമാണ്. പല മാതാപിതാക്കളും സ്വന്തം വീടും മറ്റു വകകളും മക്കൾക്ക് നൽകി. അവർ മാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം ജീവിത സുഖം തേടിപ്പോയി. മാതാപിതാക്കൾ വയോജന കേന്ദ്രങ്ങളിലും മറ്റും അഭയം പ്രാപിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. അവിടെ അസുഖം വന്നാൽ അവരെ തിരിഞ്ഞുനോക്കാൻ പോലും മക്കൾ തയ്യാറാകുന്നില്ല.
മക്കളോടുള്ള കടമയും ആദരവും മുതലെടുത്ത് മുൻകാല ക്ലെയിം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി ഉത്തരവുണ്ടായി. മക്കളിൽ നിന്നും മാതാപിതാക്കൾക്ക് മുൻകാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നല്കാൻ കോടതികൾക്ക് നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി പറഞ്ഞു. മുൻകാല ജീവിത ചെലവ് നൽകുന്ന കാര്യം നിയമത്തിൽ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരിൽ അത് നിഷേധിക്കാനാവില്ലെന്നു ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷണൽ ബെഞ്ച് വ്യക്തമാക്കി.
മക്കളിൽ നിന്ന് മുൻകാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ട് നൽകിയ ഹർജി മലപ്പുറം കുടുംബകോടതി തള്ളിയതിനെതിരെ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട 80 വയസ്സുള്ള പിതാവ് നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഹൈക്കോടതി വിധി. മുൻകാല പ്രാബല്യത്തോടെ ജീവനാംശം നല്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നു വിലയിരുത്തിയായിരുന്നു കുടുംബ കോടതി വിധി. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമത്തിലും ക്രിമിനൽ നടപടി ചട്ടത്തിലും ജീവനാംശത്തിന്റെ കാര്യത്തിൽ മുൻകാല പ്രാബല്യം പറയുന്നില്ലെന്നതും കോടതിയിൽ ചർച്ചയായി.
എന്നാൽ സമൂഹം പിന്തുടരുന്ന ആചാര രീതികളുടെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമ തത്വങ്ങൾ രൂപപ്പെടുന്നതെന്നും ഇവിടെ കക്ഷികൾ പിന്തുടരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക ജീവിതക്രമം പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാവി ജീവിതത്തിനുള്ള ചെലവ് ക്ലെയിം ചെയ്യാൻ നിയമ പ്രകാരം സാധ്യമാണെങ്കിൽ മുൻകാല നിയമ പ്രകാരം മുൻകാല ജീവിതത്തിന്റെ ചെലവ് ക്ലെയിം ചെയ്യുന്നതും നിഷേധിക്കാനാവില്ല. തങ്ങളുടെ ആവശ്യങ്ങളെല്ലാം മക്കൾ നിറവേറ്റുമെന്നും വിശ്വാസത്തിൽ ആത്മാഭിമാനമുള്ള മാതാപിതാക്കൾ കോടതിയെ സമീപിക്കാൻ മടിക്കും.
ഇങ്ങനെ മക്കളോട് ക്ഷമയും ആദരവും കാണിച്ചിട്ടുണ്ടെങ്കിൽ അത് മുതലെടുത്ത് മുൻകാല ക്ലെയിം നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കീഴ്കോടതിയുടെ വിധി റദ്ധാക്കി.
പാവപ്പെട്ട ജീവിക്കാൻ പാടുപെടുന്ന മാതാപിതാക്കൾക്ക് ഹൈക്കോടതിയുടെ ഈ വിധിയും നിലപാടും വളരെയേറെ ആശ്വാസകരമാണ്.
.