കലാലയ വേദി കലാപ വേദിയാക്കിയവർക്കെതിരെ നടപടി വേണം

Written by Web Desk1

Published on:

സർവകലാശാല കലോത്സവ വേദിയിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ ഒരുങ്ങിവന്ന ചെറുപ്പക്കാർ ചോരപ്പാടുകളും കണ്ണീരുമായി മടങ്ങുന്നത് ഒരു നല്ല കാര്യമല്ല. തുടക്കം മുതൽ വൈസ് ചാൻസിലർ ഇടപെട്ട് നിറുത്തി വയ്ക്കും വരെ അപശ്രുതി മാത്രം മുഴങ്ങിയ കേരള സർവകലാശാല കലോത്സവം അപമാനിച്ചു വിടുന്നത് അതിന്റെ ചരിത്രത്തെ തന്നെയാണ്. പാതിവഴിയിൽ കർട്ടൻ വീണ ഈ കലോത്സവം എക്കാലത്തെയും കേരള സർവകലാശാല ക്കും അവിടത്തെ വിദ്യാർത്ഥി യൂണിയനും നാണക്കേടാണ്.

നമ്മുടെ കലാ സാംസ്‌കാരിക മണ്ഡലത്തിന്റെ ഭാവികാലത്ത് ചുവടുറപ്പിക്കേണ്ടവരാണ് വേദിയും അംഗീകാരവും നഷ്ട്ടപ്പെട്ട് മടങ്ങിയത്. മാസങ്ങളുടെ കഠിനാധ്വാനവും ഒരുക്കവും പാഴാകുന്നു. നൃത്ത ഇനങ്ങളടക്കം പല സ്റ്റേറ്റ് മത്സരങ്ങൾക്കും വലിയ തോതിൽ പണം ചെലവഴിച്ചും ഏറെ നാളത്തെ കഠിനാധ്വാനവും നടത്തിയാണ് കോളേജുകൾ ടീമുകളെ എത്തിക്കുന്നത്. സർവകലാശാല അധികൃതരും യൂണിവേഴ്സിറ്റി യൂണിയനും വിദ്യാർത്ഥി സംഘടനകളുമടക്കമുള്ളവർ നിരത്തുന്ന ന്യായങ്ങളൊന്നും നിരാശരായുള്ളവരുടെ മടക്കത്തിന് പരിഹാരമല്ല. ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ നിസ്സാരമല്ല.

താത്കാലിക ലാഭം നോക്കിയുള്ള രാഷ്ട്രീയ കളികളും അധികാരികളുടെ കിടമത്സരങ്ങളും നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എത്രമാത്രം അനാഥമാക്കിയിരിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവുകൂടിയാണത്. ചില വിദ്യാർത്ഥി സംഘടനകൾ അടക്കം അവരുടെ പ്രധാന കലാപരിപാടികളാക്കിയിരിക്കയാണ്.

കോഴ വാങ്ങി വിധി നിർണ്ണയം അട്ടിമറിച്ചതിന്റെ പേരിൽ വിധിക ർത്താക്കളടക്കം അറസ്റ്റിലായി. ഇതേതുടർന്ന് കലോത്സവ വേദിയിൽ എസ് എഫ് ഐ – കെ എസ് യു സംഘർഷമുണ്ടായി.
വിദ്യാർത്ഥി സംഘടനകളിലൂടെ വളർന്നു വലുതായവരാണ് ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിൽ ഏറെപ്പേരും. ഈ നാട്ടിൽ ഇനിയും ജീവിക്കേണ്ട ചെറുപ്പക്കാർക്ക് വേണ്ടി അവർ ഇടപെടുകയും അക്രമിക്കൂട്ടങ്ങളെ നിയന്ത്രിക്കുകയുമാണ് വേണ്ടത്.

ആൾക്കൂട്ട മർദ്ദനത്തെയും മാനസീക പീഡനത്തെയും തുടർന്ന് ഒരു വിദ്യാർത്ഥിയുടെ ജീവൻ പൊഴിഞ്ഞ കേസ് സി ബി ഐ അന്വേഷണത്തിന് കൈമാറിയ അതെ സമയത്തുതന്നെ അക്രമത്തിന്റെ ഭാഷ കലാശാല കലോത്സവത്തിൽ മുഴങ്ങുന്നതാണ് കേരളം കണ്ടത്. അക്രമമാണ് വേദി വിട്ടുപോകേണ്ടതെന്നു ഈ അക്രമികളെ പറഞ്ഞു മനസിലാക്കുക.

കലാലയങ്ങളിൽ നടക്കുന്ന ഇത്തരം അക്രമങ്ങൾ മുളയിലേ നുള്ളേണ്ടതാണ്. കലാശാല കലോത്സവങ്ങളിൽ പ്രകടനത്തിലൂടെ എത്രയോപേർ ഉയരങ്ങളിലെത്തിയിട്ടുണ്ട്. എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടന കേരളത്തിൽ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ അവരെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പിൻ ബലത്തോടെയാണെന്നു എല്ലാവർക്കുമറിയാം. രാഷ്ട്രീയ നേതൃത്വവും ഭരണകർത്താക്കളും വിദ്യാർത്ഥികളെ അക്രമത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്നു മാത്രമേ ഇപ്പോൾ പറയാനുള്ളൂ.

See also  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : പ്രതിസന്ധി പരിഹരിക്കണം

Leave a Comment