വയനാട് (Wayanad) : മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായ 119 പേരുടെ കരട് പട്ടിക പുതുക്കി. 128 പേരാണ് ആദ്യം തയ്യാറാക്കിയ പട്ടികയിൽ ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം കുറഞ്ഞത്.
പ്രദേശത്ത് ഇപ്പോഴും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മുണ്ടക്കൈ, ചൂരൽമല മേഖലകളിലും സൂചിപ്പാറ ചാലിയാർ പുഴയുടെ തീരങ്ങളിലും ആണ് തെരച്ചിൽ നടക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, കേരളത്തിൽ ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3 ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ് ഉള്ളത്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. നാളെയും 2 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.