മലപ്പുറം (Malappuram) : മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ . (Husband Prabhin arrested in Malappuram Elankur case where young woman hanged herself at her husband’s house.) ഗാർഹിക പീഡനം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവെന്നും ജോലിയില്ലെന്നും പറഞ്ഞായിരുന്നു പീഡനം . സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
സ്വന്തം ബൈക്കിൽ പോലും ഭാര്യയെ പ്രഭിൻ കയറ്റിയിരുന്നില്ല. നാട്ടുകാർ കണ്ടാൽ നാണക്കേടാണെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. നിരന്തരം യാത്രകൾ പോകുമായിരുന്ന പ്രഭിൻ ഒരിടത്തേക്കും വിഷ്ണുജയെ കൂട്ടിയിരുന്നില്ലെന്ന് സഹോദരിയുടെ ഭർത്താവ് ശ്രീകാന്ത് പറഞ്ഞു .
വിഷ്ണുജയുടെ വീട്ടിൽ ഇക്കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. മരണശേഷമാണ് വീട്ടുകാർ ഇക്കാര്യങ്ങൾ എല്ലാം അറിയുന്നത്. കുറച്ച് സുഹൃത്തുകൾക്ക് മാത്രമായിരുന്നു സംഭവങ്ങൾ എല്ലാം അറിയുന്നത്. എന്നാൽ തൻ്റെ വീട്ടുകാരോട് ഇതൊന്നും പറയരുത് എന്ന് വിഷ്ണുജ പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് ഒന്നരവർഷം കഴിഞ്ഞിട്ടും ഒരുമിച്ച് ബൈക്കിൽ പോകാനോ വിഷ്ണുജയുടെ വീട്ടിലേക്ക് വരാനോ പ്രഭിൻ തയ്യാറായിരുന്നില്ല . ഭർതൃവീട്ടിലെ മാനസിക പീഡനം സംബന്ധിച്ച് നേരത്തെ വീട്ടുകാർക്ക് സൂചന ലഭിച്ചിരുന്നു . ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഇടപെടേണ്ട സമയം വരുമ്പോൾ പറയാമെന്നും മൂന്നാമതൊരാൾ ഇടപെട്ടാൽ തനിക്ക് പ്രശ്നമാണെന്നും വിഷ്ണുജ പറഞ്ഞെന്ന് പിതാവ് വാസുദേവൻ പറയുന്നു .