തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി കോളറ …

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ടുപേർക്ക് കുടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിരുന്നു. കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാംപിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികള്‍ക്ക് കോളറ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവര്‍ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്‌കൂളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

കോളറ പ്രതിരോധത്തിന് അവബോധം വളരെ പ്രധാനമാണ്. ശക്തമായ വയറിളക്കമോ ഛര്‍ദിയോ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടണം. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്നു പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

Related News

Related News

Leave a Comment