കൊച്ചി (Kochi) : എസ്.ഐ വി.ആർ റിനീഷിനെയാണ് കോടതിയലക്ഷ്യക്കേസിൽ ശിക്ഷിച്ചത്. അഭിഭാഷകനോട് മോശമായി പെരുമാറിയ ആലത്തുർ സ്റ്റേഷനിലെ എസ്.ഐക്ക് ഹൈക്കോടതി രണ്ട് മാസം തടവു ശിക്ഷ വിധിച്ചു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ, വാഹനം വിട്ടുനൽകാനുള്ള ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോടാണ് എസ്.ഐ മോശമായി പെരുമാറിയത്.
ശിക്ഷ കോടതി മരവിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന വ്യവസ്ഥയിലാണ് ശിക്ഷ മരവിപ്പിച്ചത്. അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹമധ്യമങ്ങളിൽ പ്രചരിച്ചത് ശ്രദ്ധയിൽപെട്ട ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. എസ്.ഐയുടെ മാപ്പപേക്ഷ കോടതി സ്വീകരിച്ചിരുന്നു.
സംഭവത്തെത്തുടർന്ന് എസ്.ഐ റിനീഷിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. പൊലീസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്ന കോടതിയുത്തരവുമായി എത്തിയപ്പോഴായിരുന്നു അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറിയത്. ആരെയും ‘എടാ പോടാ’ എന്ന് വിളിക്കരുതെന്ന ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് എസ്.ഐക്കെതിരേ കോടതിയലക്ഷ്യ കേസെടുത്തത്.
ഈ വർഷം ജനുവരിയിലാണ് അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐയും തമ്മിൽ വാക്കുതർക്കമുണ്ടായത്. ചിറ്റൂർ കോടതിപരിസരത്തും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അഭിഭാഷകന്റെ പേരിൽ രണ്ടു കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.