കോട്ടയം (Kottayam) : വയനാട്ടിൽ യുവതിയെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയെന്ന് കണ്ടെത്തിയതിനാൽ കൂട് വച്ചോ വെടി വച്ചോ പിടിക്കാനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവ് നൽകിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. (Minister AK Saseendran said that since it was found to be a man-eating tiger that attacked and killed the young woman in Wayanad, the Chief Wildlife Warden has been ordered to trap or shoot her.) കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ് മരിച്ചതെന്ന് അറിഞ്ഞു. രാവിലെ വനത്തോട് ചേർന്ന് പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിന് ധനസഹായം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. വന്യജീവി ആക്രമണങ്ങൾക്ക് പ്രതിവിധി കാണാനുള്ള തീവശ്രമത്തിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇക്കാര്യം യാഥാർഥ്യമാകുകയുള്ളൂ. എല്ലാവരുടെയും സഹായത്തോടെ ഒരോ പ്രശ്‌നം അതിന്റെ മെറിറ്റിൽ കണ്ട് പരിശോധിച്ച് തീരുമാനമെടുക്കും.
പ്രതിപക്ഷം സമരം നടത്തുന്നത് കേന്ദ്ര വന്യജീവി നിയമം പരിഷ്കരിക്കാൻ വേണ്ടി ആയിരിക്കണം. അല്ലാതെ നടത്തുന്നതെല്ലാം രാഷ്‌ട്രീയ മുതലെടുപ്പിനാണ്.
വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ നബാർഡിന്റെ സഹായത്തോടെ 12 ഹോട്ട്‌സ്‌പോട്ടുകൾ നിശ്‌ചയിച്ച് ടെൻഡർ വിളിച്ച് പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളുടെ മാതൃകയിൽ വന്യജീവികളുടെ പ്രജനനം നിയന്ത്രിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
പ്രകൃതിയെ സംരക്ഷിച്ചല്ലാതെ മനുഷ്യന് മുന്നോട്ടുപോകാനാകില്ല. ജനങ്ങൾക്ക് അഹിതമുണ്ടാക്കുന്ന ഒരു നിയമവും അടിച്ചേൽപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. 72ലെ കേന്ദ്ര വനനിയമത്തിൽ കാതലായ മാറ്റം വരണം. പഴയ നിയമത്തിൽ കെട്ടിപ്പിടിച്ച് അപരിഷ്കൃത നിലപാട് സ്വീകരിക്കാനാകില്ല. കേരളത്തിന്റെ വനനിയമം പരിഷ്കരിക്കേണ്ടെന്ന അഭിപ്രായമാണോ പ്രതിപക്ഷത്തിനുള്ളത്? പി വി അൻവറിനെപ്പോലെ ആകാൻ താനില്ല. ജനങ്ങളുടെ പ്രകോപന നിലപാടുകൾക്ക് തീകൊടുക്കാനാണ് അൻവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.