തൃശൂര്‍: മൂന്നിടങ്ങളിലായി എസ്ബിഐയുടെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 66 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായതു ഹരിയാനയിലെ മേവാത്തി ഗാങ്ങില്‍പെട്ടവര്‍. എന്തിനും മടിക്കാത്ത പ്രഫഷനല്‍ എടിഎം കൊള്ളക്കാരാണ് മേവാത്തി ഗാങ്. ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലെ മേവാത്ത് എന്ന ഗ്രാമത്തില്‍നിന്നു രാജ്യമാകെ സഞ്ചരിച്ച് എടിഎം കൗണ്ടറുകള്‍ കവര്‍ന്ന് കോടികളാണ് ഈ സംങം തട്ടി എടുക്കുന്നത്.
എന്തിനും മടിക്കാത്ത ഈ സംഘം ബ്രെസ ഗാങ് എന്നും അറിയപ്പെടുന്നു. നിമിഷ നേരം കൊണ്ട് എടിഎം തകര്‍ക്കാനും പണവുമായി രക്ഷപ്പെടാനും പരിശീലനം നേടിയ ഇരുനൂറോളം പേരാണു മേവാത്തി ഗാങ്ങിലുള്ളത്. തോക്കുമായാണ് ഇവരുടെ കറക്കം. ആവശ്യമെന്ന് കണ്ടാല്‍ വെടിവെച്ചിടാനും ഇവര്‍ മടിക്കില്ല. പത്ത് പേരില്‍ താഴെയുള്ള സംഘങ്ങളായി തിരിഞ്ഞ് രാജ്യമാകെ സഞ്ചരിച്ചാണു ഇവര്‍ കവര്‍ച്ച നടത്തുന്നത്. മോഷ്ടിച്ച കാറിലാണ് മേവാത്തി ഗാങ് എടിഎം കവര്‍ച്ചയ്ക്കിറങ്ങുക.
മേവാത്തി സംഘത്തിലുള്ളവര്‍ നേരത്തെയും കേരളത്തില്‍ പിടിയിലായിട്ടുണ്ട്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലും ആന്ധ്രപ്രദേശിലെ കടപ്പയിലും എടിഎം കവര്‍ച്ച നടത്തിയ അതേ സംഘമാണു തൃശൂരിലെത്തിയതെന്നു പൊലീസ് കണ്ടെത്തി. കൃഷ്ണഗിരിയില്‍ ഒന്‍പത് ലക്ഷം രൂപയും കടപ്പയില്‍ രണ്ട് എടിഎമ്മുകളില്‍നിന്നായി 41 ലക്ഷവുമാണു കവര്‍ന്നത്. കണ്ണൂരില്‍ മൂന്ന് വര്‍ഷം മുന്‍പ് എടിഎം കവര്‍ച്ച നടത്തിയതിന് മേവാത്തി ഗാങ്ങിലെ മറ്റൊരു സംഘത്തെ പിടികൂടിയിരുന്നു.
തമിഴ്‌നാട്ടില്‍ മോഷണ പരമ്പര നടന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദ്ദേശാനുസ്സരണം തമിഴ്‌നാട് പോലീസ് ഇവരെ അടിച്ചമര്‍ത്തിയിരുന്നു. ബാവരിയ സംഘത്തെ പിടികൂടാന്‍ തമിഴ്‌നാട് പോലീസ് നടത്തിയ ത്രസിപ്പിക്കുന്ന അന്വേഷണം തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനും വഴിവെച്ചു. എച്ച്.വിനോദ് സംവിധാനം ചെയ്ത ‘തീരന്‍ അധികാരം ഒന്‍ട്ര്’ എന്ന സിനിമ വലിയ വിജയമായി മാറി.