ബെയ്ജിങ് (Baiging): യാത്രക്കാരൻ വിമാനത്തിന്റെ എൻജിനി (Aircraft engine) ലേക്ക് നാണയങ്ങൾ ഇട്ടതിനെ തുടർന്ന് സന്യയിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള ചൈന സതേൺ എയർലൈൻസ് വിമാനം (China Southern Airlines flight) വൈകിയത് മണിക്കൂറുകൾ. രാവിലെ 10 മണിക്ക് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരുന്ന വിമാനം നാലു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് യാത്രക്കാരനാണ് വിമാനത്തിന്റെ എൻജിനിലേക്ക് നാണയം ഇട്ടതെന്ന് കണ്ടെത്തുന്നത്. ഇയാൾ 5 നാണയങ്ങൾ എൻജിനിലേക്ക് ഇട്ടതായി സമ്മതിച്ചു. യാത്ര സുഗമമാകാനാണ് അന്ധവിശ്വാസത്തിന്റെ പുറത്ത് ഇയാൾ നാണയം എൻജിനിലേക്കിട്ടത്.
മെയിന്റനൻസ് ജീവനക്കാരുടെ സമഗ്രമായ സുരക്ഷാ പരിശോധനയിലാണ് വിമാനം പുറപ്പെടും മുൻപ് എൻജിനിലെ നാണയങ്ങൾ കണ്ടെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ നാണയങ്ങൾ കണ്ടെത്തിയതായി എയർലൈനും സ്ഥിരീകരിച്ചു. ഇങ്ങനെ അപരിഷ്കൃതമായ രീതിയിൽ പെരുമാറരുതെന്ന് സതേൺ എയർലൈൻസ് യാത്രക്കാരോട് അഭ്യർഥിച്ചു. ഇത് വ്യോമയാന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും എയർലൈൻസ് വ്യക്തമാക്കി.
2021ലും സമാന സംഭവം ചൈനയിലുണ്ടായിട്ടുണ്ട്. വിമാനത്തിന്റെ എൻജിനിലേക്ക് നാണയങ്ങൾ ഇടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ച ഒരു യാത്രക്കാരനായിരുന്നു അതിനു പിന്നിൽ. അന്ന് മറ്റു മാർമില്ലാതെ വിമാനം റദ്ദാക്കി. വെയ്ഫാങ്ങിൽ നിന്ന് ഹൈക്കൗവിലേക്ക് 148 യാത്രക്കാരുമായി പോകേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. വാങ് എന്ന് പേരുള്ള ആൾ ചുവന്ന പേപ്പറിൽ പൊതിഞ്ഞ നാണയങ്ങൾ എൻജിനിലേക്ക് ഇടുകയായിരുന്നു. വിമാനം പറന്നുയരുന്നതിനു മുൻപ് റൺവേയിൽ ചില നാണയങ്ങൾ എയർപോർട്ട് ജീവനക്കാർ ശ്രദ്ധിച്ചു. അപകടസാധ്യതയെക്കുറിച്ച് അവർ അറിയിക്കുകയും വിമാനം റദ്ദാക്കുകയുമായിരുന്നു.