തിരുവനന്തപുരം (Thiruvananthapuram) : പരീക്ഷാ ഹാളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്‌ക്കുന്നത് വിലക്കി ഉത്തരവ്. (The order prohibits teachers from carrying mobile phones in the examination hall.) പരീക്ഷ വിഭാഗത്തിന്റേതാണ് ഉത്തരവ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ കൈവശം വയ്‌ക്കുന്നതിന് വിലക്കുണ്ട്. പരീക്ഷ ക്രമക്കേട് തടയുകയാണ് ലക്ഷ്യം.
കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളില്‍ ഇന്‍വെജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനിമുതല്‍ അനുവദനീയമല്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ സംഭവം വെളിച്ചത്തു വന്നിരുന്നു.
സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന നിര്‍ദേശം ലംഘിച്ചതിനാണ് മൊബൈല്‍ ഫോണ്‍ പിടിച്ചു വച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രഥമാധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.