തടവ് ചാടിയ പ്രതി വീണ്ടും അഴിക്കുള്ളിൽ

Written by Taniniram Desk

Published on:

Thiruvananthapuram: പൂജപ്പുര സെൻട്രൽ ജയിലിൽനിന്നും തടവ് ചാടിയ കൊലക്കേസ് പ്രതി മണികണ്ഠൻ വീണ്ടും സെൻട്രൽ ജയിലിൽ. ഇയാളെ അതീവ സുരക്ഷാ ബ്ലോക്കിലേക്ക് മാറ്റി. പുറമെ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ തടവുചാടി ഒളിവിൽപോയ ഇയാളെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് തമിഴ്നാട്ടിലെ മധുര ബസ്സ്റ്റാൻഡിൽനിന്നും ജയിൽ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടും പിടികൂടിയത്. പൂജപ്പുര പോലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു വീണ്ടും സെൻട്രൽ ജയിലിൽ എത്തിക്കുക യായിരുന്നു. കനത്ത സുരക്ഷയിലാണ് ഇയാളെ കോടതിയിൽ എത്തിച്ചതും പിന്നീട് ജയിലിൽ എത്തിച്ചതും.

ഇടുക്കി പീരുമേട് സ്വദേശിയായ മണികണ്ഠൻ 2014ൽ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ 2019ൽ പരോളിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും പിടികൂടി വീണ്ടും ജയിലിൽ എത്തിക്കുകയായിരുന്നു.

സെൻട്രൽ ജയിലിലെ ചപ്പാത്തി പ്ലാന്റിൽ ജോലി ചെയ്യുകയായിരുന്ന മണികണ്ഠൻ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ മാറ്റാനെ ന്ന വ്യാജേനയാണ് പ്ലാന്റിന് പുറത്തിറങ്ങിയത്. സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നിവരെ തള്ളിവീഴ്ത്തിയായിരുന്നു രക്ഷപെടൽ.

മണികണ്ഠനെ പിടികൂടാനായി വ്യാപകമായ തെരച്ചിലാണ് നടത്തിയത്. ജയിലിലെ ഉദ്യോഗസ്ഥരും പോലീസും രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചിൽ. ഒടുവിൽ ജയിൽ ഉദ്യോഗസ്ഥരുടെ സംഘത്തിന്റെ കയ്യിൽ അയാൾ പെടുകയായിരുന്നു.

അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ അനിൽരാജ്, എസ് എൽ അർജുൻ, സി എസ് കിരൺ, അർജുൻ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജയിൽസംഘം. സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എ അൽഷാൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ രഞ്ജുനാഥ്, സന്തോഷ്‌ പെരളി, സുധീർ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ എസ് സുജിത്, ഡി അരുൺരാജ്, രാഹുൽ രാജേഷ്, അരുൺ എന്നിവരെ ചേർത്ത് ഈ സംഘം വിപുലീകരിച്ചിരുന്നു

ജയിൽച്ചാടിയ കുറ്റവാളിയെ കിട്ടിയതോടെ സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് ജീവനക്കാർ. എന്നാൽ സംഭവസമയത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകും. ജയിൽ ദക്ഷിണമേഖല ഡി ഐ ജി സത്യരാജിനാണ് അന്വേഷണചുമതല.

ജീവനക്കാരുടെ കുറവാണ് ഇത്തരം സുരക്ഷാവീഴ്ചയ്ക്ക് കാരണമെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്. തുടർച്ചയായ ഡ്യൂട്ടി മൂലം വേണ്ടത്ര വിശ്രമംപോലും ലഭിക്കാറില്ലെന്നാണ് അവരുടെ പരാതി.

Related News

Related News

Leave a Comment