മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അസ്മയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടിലുള്ളത്.
പ്രസവശേഷം യുവതിക്ക് നേരായ ഒരു വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്ന് അതിദാരുണമായിട്ടാണ് യുവതി മരിച്ചത്. നേരായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ യുവതിക്ക് ജീവന്‍ നഷ്ടപ്പെടില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മൂന്ന് പ്രസവം നടന്നത് വീട്ടിലാണ്. ആലപ്പുഴ സ്വദേശിയാണ് ഭര്‍ത്താവ്. താമസിക്കുന്നത് മലപ്പുറത്ത് വാടക വീട്ടിലാണ്. പതിനൊന്ന് മണിക്ക് ശേഷമാണ് മരിച്ചതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അങ്ങനെയല്ല. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ കൈ ഒക്കെ മരവിച്ചിട്ടുണ്ടായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ആളുകള്‍ പറയുന്നു. പ്രസവശേഷം മരണവെപ്രാളം കാണിച്ചിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല.
സ്വന്തം കുട്ടിയോട് വെള്ളം വേണമെന്ന് പറഞ്ഞ് വെള്ളം കൊടുത്തപ്പോഴും മതിയായ ചികിത്സ നല്‍കാന്‍ തയ്യാറായില്ല. പ്രസവസമയത്ത് വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. അദ്ദേഹം മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. ഒറ്റപ്പെട്ട വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. അയല്‍വാസികളൊന്നും ഇല്ലാത്തതുകൊണ്ട് ദൂരെനിന്ന് ആളുകളെ വിളിച്ചുവരുത്തിയാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതെന്നും അന്‍സാര്‍ പറയുന്നു