ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയെന്ന പരാതിയിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. രാഘവേന്ദ്ര സിങ് (27) എന്നയാളാണ് പിടിയിലായത്. ബെലാൻഗഞ്ചിലുള്ള ഇയാളുടെ വാടക മുറിയിൽ ഡിസംബർ 29നാണ് 25കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിയതിനെ തുടർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രാഘവേന്ദ്ര സിങ്ങും മരിച്ച യുവതിയും ഝാൻസിയിൽ നഴ്സിങ് പരിശീലനത്തിനിടെ അടുപ്പത്തിലായതാണെന്നും സിങ്ങിന്റെ വീട്ടിൽ വിവാഹാലോചനയുമായി ചെന്നപ്പോൾ നിരസിക്കുകയായിരുന്നെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. ഇതിന് ശേഷവും ഇരുവരും തമ്മിൽ ബന്ധം തുടർന്നെന്നും സഹോദരൻ വെളിപ്പെടുത്തി.
ഗുരുഗ്രാമിലെ കിഡ്നി സെന്ററിൽ ജോലി ചെയ്യുന്ന യുവതി സംഭവം നടക്കുന്നതിന്റെ തലേന്നാണ് രാഘവേന്ദ്ര സിങ്ങിന്റെ വാടക വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം സ്റ്റേഷനിൽ പോയ സിങ് നേരത്തെ മടങ്ങിയിരുന്നു. ശേഷം സഹപ്രവർത്തകരെ വിളിച്ചറിയിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്.