പാലക്കാട് (Palakkad) : മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ളസ് വൺ വിദ്യാർത്ഥി. (Plus One student screams at teacher for grabbing mobile phone). പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെള്ളിയാഴ്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെ ഭീഷണി.
സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന കർശന നിർദേശം വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പ്ളസ് വൺ വിദ്യാർത്ഥി ക്ളാസിലേക്ക് മൊബൈൽ കൊണ്ടുവന്നത്. ക്ളാസിലെ അദ്ധ്യാപകൻ മൊബൈൽ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ്തു.
മൊബൈൽ ഫോൺ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി പ്രധാനാദ്ധ്യാപകന്റെ മുറിയിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ തന്നില്ലെങ്കിൽ പുറത്തിറങ്ങി തീർത്തുകളയുമെന്നും, കൊന്നുകളയുമെന്നുമായിരുന്നു പതിനാറുകാരന്റെ കൊലവിളി. സംഭവത്തിൽ അദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.