മലപ്പുറം (Malappuram) : മലപ്പുറത്താണ് സംഭവം. നവവധുവായ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഷൈമ സിനിവർ എന്ന 18 കാരിയാണ് ജീവനൊടുക്കിയത്. (The incident happened in Malappuram. A newly married student was found dead. 18-year-old Shaima Siniver took her life.) പെൺകുട്ടിയുടെ ആൺസുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. പെൺകുട്ടിക്ക് താത്പര്യമില്ലാത്ത ചടങ്ങാണ് വീട്ടുകാർ നടത്തിയതെന്നും ഇതിൽ മനംനൊന്താണ് കടുംകൈ ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.
രണ്ട് വർഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു.തുടർന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ കഴിഞ്ഞിരുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ വിവാഹം മതാചാര പ്രകാരം കഴിഞ്ഞത്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെൺകുട്ടിയെ പക്ഷേ ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. വിവാഹത്തിന് താത്പര്യമില്ലെന്ന് പെൺകുട്ടി തുറന്നുപറഞ്ഞിരുന്നു.
വീടിന് സമീപത്തുള്ള 19കാരനായ ഒരു യുവാവുമായി പെൺകുട്ടി ഇഷ്ടത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്ന് കുട്ടിക്ക് താത്പര്യവുമുണ്ടായിരുന്നു. പക്ഷേ വീട്ടുകാർ സമ്മതംമൂളിയില്ല.വിവാഹം കഴിഞ്ഞതോടെ പെൺകുട്ടി മൂന്നാം നാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതറിഞ്ഞ ആൺസുഹൃത്തും ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ സിനിവർ.