കൊച്ചി: മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയില്‍നിന്ന് അമ്മ സന്ധ്യ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നും കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് അമ്മയുടെ ക്രൂരത. ചൊവ്വാഴ്ച പുലര്‍ച്ചെ 2.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റക്കുഴി കീഴ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയെയാണ് തിങ്കളാഴ്ച വൈകീട്ട് കാണാതായത്. വൈകീട്ട് 3.30 – ഓടെ പണിക്കരുപടിയിലുള്ള അങ്കണവാടിയില്‍നിന്ന് അമ്മ കല്യാണിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നെ സംഭവിച്ചതെല്ലാം അസ്വാഭാവികതകള്‍. ഒടുവില്‍ തിരച്ചലിനൊടുവില്‍ മൃതദേഹം കിട്ടി. മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം. തിരച്ചല്‍ തുടങ്ങി മൂന്നു മണിക്കൂറിനുള്ളിലാണ് കുഞ്ഞുണ്ണിക്കര യു കെ സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃവീട്ടില്‍ യുവതിക്ക് പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. കുഞ്ഞിനുനേരെപോലും കൈയോങ്ങിയിരുന്നതായും വിവരങ്ങളുണ്ട്. ഇതാണ് അമ്മയെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
ആലുവവരെ കുട്ടി കൂടെ ഉണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നുമായിരുന്നു അമ്മയുടെ ആദ്യമൊഴി. പിന്നീട് മൊഴികള്‍ മാറ്റിപ്പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ഇവര്‍ സംസാരിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പാലത്തിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ചതായി മൊഴി നല്‍കിയത്. കുഞ്ഞിന്റെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.