കൊച്ചി (Kochi) : കുറുപ്പംപടി പീഡനക്കേസിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. (The police have taken into custody the mother of the girls who were raped in the Kuruppapadi rape case.) കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കുറുപ്പംപടി പൊലീസ് അമ്മയെ പ്രതിയാക്കി പുതിയ കേസെടുത്തത്. പെൺകുട്ടികൾ പീഡനത്തിനിരയായ വിവരം അമ്മ അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു. ധനേഷിനെ ഇതിൽനിന്ന് പിന്തിരിപ്പിക്കാനോ തടയാനോ ഇവർ ശ്രമിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണ സംഘം പെൺകുട്ടികളുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിപ്പിച്ചിരുന്നു, ഈ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർച്ചയായി 2 വർഷമാണ് ധനേഷ് പെൺകുട്ടികളെ പീഡിപ്പിച്ചത്. തുടർ പീഡനങ്ങൾ നടന്നത് അമ്മയുടെ അറിവോടെയായിരുന്നു. പീഡനവിവരം കുട്ടികൾ അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും പ്രതിക്ക് വീണ്ടും അതിനുള്ള അവസരം ഇവർ ഒരുക്കി കൊടുക്കുകയായിരുന്നു.
ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. പെൺകുട്ടികളുടെ അച്ഛൻ രോഗബാധിതനായതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റും ധനേഷിന്റെ ടാക്സിയാണ് വിളിച്ചുകൊണ്ടിരുന്നത്. അങ്ങിനെയാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. പിന്നീട് പെൺകുട്ടികളുടെ അച്ഛന്റെ മരണത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയായിരുന്നു. പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പീഡനം തുടർന്നിരുന്നത്.
കുട്ടികളോട് സഹപാഠിളെ കൂട്ടി വീട്ടിലേക്ക് വരാൻ ധനേഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സമ്മർദ്ദത്തിന് ഒടുവിൽ ഇക്കാര്യങ്ങൾ വിവരിച്ച് പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കത്ത് എഴുതിയത്തോടെയാണ് പീഡന വിവരം പുറത്ത് വന്നത് . ലൈംഗിക വൈകൃതത്തിന് ഉടമയാണ് പിടിയിലായ ധനേഷ് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.