വയനാട് (Wayanad) : വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. (Man-eating tiger found dead in Pancharakoli, Wayanad.) മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
കടുവയുടെ കാല്‍പാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. 12.30 മുതൽ ദൗത്യസംഘം കടുവയ്ക്ക് പിറകെ ഉണ്ടായിരുന്നു. 2 മണിക്കൂർ നേരം സംഘം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. കടുവയുടെ മരണകാരണം അറിയാന്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം വേണ്ടിവരുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. പരിശോധയ്‍ക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് ഉത്തരവിട്ടത്. കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയിലെ പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.