തിരുവനന്തപുരം ( Thiruvananthapuram ) : വീട്ടമ്മ മനോധൈര്യത്തോടെ ഓണ്‍ലൈൻ വഴി പൊലിസ് ചമഞ്ഞ് അഞ്ചുകോടി തട്ടാൻ ശ്രമിച്ചവരെ തുരത്തി . 15 മണിക്കൂറിലധികമാണ് കേശവദാസപുരം സ്വദേശിയായ ജാൻസി മാമനെ തട്ടിപ്പുസംഘം ഓണ്‍ലൈൻ വഴി കുടുക്കി മാനസികമായി പീഡിപ്പിച്ചത്. ജാൻസിയുടെ ആധാർ കാർഡ് ഉപയോഗിച്ചെടുത്തിരിക്കുന്ന അക്കൗണ്ട് വഴി കോടികളുടെ കള്ളപണം ഒഴുകിയിരിക്കുന്നുവെന്നാരോപിച്ചാണ് മുംബൈ പൊലീസെന്ന വ്യാജേനെ ഒരു കോളെത്തുന്നത്.
വീഡിയോ കോളിലെത്താൻ ആവശ്യപ്പെട്ടു. കോളിലെത്തിയപ്പോൾ മുംബൈ പൊലീസിന്റെ വേഷം ധരിച്ച ഒരാൾ. നിങ്ങൾ അറസ്റ്റിലാണെന്ന് അറിയിച്ചു. വിശ്വാസം വരാൻ തട്ടിപ്പ് സംഘം ജാൻസിയുടെ ആധാർ നമ്പറും, ബാങ്ക് അക്കൗണ്ട് വഴി പോയ പണത്തിൻെറ കണക്കുമെല്ലാം അയച്ചു നൽകി. പിന്നീട് കേസിൽ നിന്നും രക്ഷിക്കാൻ അഞ്ചു കോടി ആവശ്യപ്പെട്ട് മാനസിക പീഡനമായിരുന്നു. പൊലീസ് കേസെടുത്തതിന്റ തെളിവടക്കം അയച്ചുനൽകി.
ഈ മണിക്കൂറുകളിൽ തകർന്നുപോയ ജാൻസി പിന്നീട് ധൈര്യം സംഭരിച്ചു. ബാങ്ക് അക്കൗണ്ട് വിശദാംങ്ങള്‍ പറഞ്ഞു നൽകിയില്ല. ഒടുവിൽ പണം കണ്ടെത്താൻ അൽപ്പ സമയം തട്ടിപ്പ് സംഘം അനുവദിച്ചു, ഇതിനിടെ ജാൻസി സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. തട്ടിപ്പാകാൻ സാധ്യതയുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇതിന് പിന്നാലെ കേരള പൊലീസിന് കേസ് നൽകിയെന്ന് പറഞ്ഞ് ജാൻസി തട്ടിപ്പു സംഘത്തിനെതിരെ ആഞ്ഞടിച്ചു. അപ്പോഴും തട്ടിപ്പു സംഘം വിട്ടില്ല.
നാഷണൽ സീക്രട്ട് ആക്ട് എന്ന് തട്ടിപ്പുകാർ പറഞ്ഞപ്പോൾ, ഒരു ആർമി ഉദ്യോഗസ്ഥനും പൊലീസിനും അറിയാത്ത എന്ത് സീക്രട്ടാണ് ഇന്ത്യക്കുളളതെന്ന് തിരികെ ചോദിച്ചു. ഇതോടെ അവർ ഫോൺ കട്ട് ചെയ്ത് പോയി. അയച്ച മെസേജുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്നും ജാൻസി പറയുന്നു.
നിങ്ങള്‍ക്കു വന്ന പാഴ്സസലിൽ മയക്കുമരുന്നുണ്ട്, ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണം വന്നിരിക്കുന്നു, എന്നിങ്ങനെ തട്ടിപ്പ് സംഘം വെർച്വൽ അറസ്റ്റ് ചെയ്തു കോടികള്‍ നഷ്ടമായവർ കേരളത്തിലുണ്ട്. ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കുക എന്നതും ഉടനെ പൊലീസിനെ അറിയിക്കുക എന്നതും മാത്രമാണ് രക്ഷപ്പെടാനുളള ഏക മാർഗം.