മലപ്പുറം (Malappuram) : നിലമ്പൂരില്‍ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ അയല്‍വാസിയായ യുവതി ഉള്‍പ്പടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. (The family of a young man in Nilambur has come forward with allegations that a group of four, including a young woman, was behind the suicide of a young man in Nilambur.) നിലമ്പൂര്‍ പളളിക്കുളം സ്വദേശി രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് മകന്‍ ജീവനൊടുക്കിയതെന്നും അമ്മ തങ്കമണിയും സഹോദരന്‍ രാജേഷും ആരോപിച്ചു.
ജൂണ്‍ പതിനൊന്നിനാണ് സംഭവം. രതീഷിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയല്‍വാസിയായ യുവതി തന്ത്രപൂര്‍വം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. വീട്ടില്‍ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് നഗ്‌നനാക്കി. വിവസ്ത്രനായി നില്‍ക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. രണ്ടു ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടതെന്നും കുടുംബം ആരോപിച്ചു.
പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും അയച്ചുനല്‍കി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകന്‍ ജീവനൊടുക്കിയതെന്നും രതീഷിന്റെ അമ്മ പറയുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച പരാതി പൊലീസിനു നല്‍കി. വെളിപ്പെടുത്തലുകളുടെയും പരാതിയുടെയും അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എടക്കര പൊലീസ്.