കൊച്ചി: മൂന്ന് മാസത്തിനുളളില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും, ജോലി ലഭിച്ചില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ടു നിന്നാണ് കാര്‍ത്തികയെ കസ്റ്റഡിയില്‍ എടുത്തത്.യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് തൃശൂര്‍ സ്വദേശിനിയുടെ പരാതി.
2024 ഓഗസ്റ്റ് 26 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ ഇടപാടിലൂടെയും പരാതിക്കാരി പണം നല്‍കിയത്. ഇവരെ കൂടാതെ തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് പേര്‍ കാര്‍ത്തികയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അനീഷ് ജോണ്‍ പറഞ്ഞു. പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് കാര്‍ത്തിക പണം തട്ടിയെടുത്തത്.