കൊച്ചി (Kochi) : `പണി’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം. (The atrocities committed by the Kappa case accused in Kochi were inspired by the movie `Pani’.) തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി ആക്രമിച്ച ശ്രീരാജിനെ പൊലീസ് പിടികൂടി. പണി സിനിമയിൽ ഡേവി എന്ന കഥാപാത്രത്തെ ആക്രമിക്കുന്നതിന് സമാനമായിട്ടായിരുന്നു ശ്രീരാജ്, യുവാവിനോട് ക്രൂരത കാട്ടിയത്.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കത്തിയുമായെത്തിയാണ് പ്രതി ആക്രമിച്ചത്. പെൺകുട്ടിയുമായുള്ള അടുപ്പം പറഞ്ഞായിരുന്നു ആക്രമണം. പിന്നീട് ഭീഷണിപ്പെടുത്തി വീടിന് പുറത്തുകൊണ്ടുപോയി കാല് തല്ലിയൊടിക്കുകയടക്കം ചെയ്തു.
ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആക്രമിക്കപ്പെട്ട ആളുടെ വാട്സാപ്പിൽ സ്റ്റാറ്റസും ആക്കി. ഇതിന് പിന്നാലെ ശ്രീരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണി സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണ് എന്ന് ശ്രീരാജ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.