കണ്ണൂര്‍ വളപട്ടണത്തെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ്. പോലീസ് ചോദ്യം ചെയ്യലിലാണ് ലിജീഷ് മുമ്പും മോഷണം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞത്. കീച്ചേരിയിലായിരുന്നു അന്ന് ലിജീഷ് മോഷണം നടത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി വിരളടയാളം ലഭിച്ചപ്പോള്‍ രണ്ടിടങ്ങളില്‍ നിന്നും ലഭിച്ച വിരളടയാളങ്ങള്‍ തമ്മില്‍ പരിശോധിച്ചു. ഇതോടെയാണ് ലിജീഷിലേക്ക് പോലീസ് എത്തിയത്. അഷറഫിനെ കുറിച്ച് അറിവുള്ളവരാകും മോഷ്ടാക്കള്‍ എന്ന നിഗമനത്തിലായിരുന്നു തുടക്കം മുതല്‍ അന്വേഷണം സംഘം. അതുകൊണ്ട് തന്നെ സാധ്യതകളെല്ലാം ഇയാളിലേക്ക് വിരല്‍ചൂണ്ടുന്നതായി.
ലോക്കര്‍ പൊളിക്കാന്‍ പ്രാഗാത്ഭ്യം ഉള്ളതാര് എന്നാണ് പോലീസ് പരിശോധിച്ചത്. ഇതോടെ ലിജീഷിനെ പോലീസ് നിരീക്ഷണത്തില്‍ ആക്കി. മൊബൈല്‍ ഫോണ്‍ പരിശോധനകള്‍ കൂടി നടത്തിയതോടെ പ്രതി ഇയാളാകുമെന്ന് ഉറപ്പിച്ചു. ഇതോടെയാണ്, പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. കീച്ചേരിയിലെ മോഷണ കേസില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലീജിഷ് ആണെന്ന് വ്യക്തമായത്. ഇതോടെ പോലീസ് രണ്ടു കേസുകളാണ് തെളിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മിടുക്കു തന്നെയാണ് ഇവിടെ ശ്രദ്ധനേടുന്നതും.
വളപട്ടണത്ത് മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്‌റഫിന്റെ അയല്‍വാസിയാണ് പിടിയിലായ ലിജീഷ്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. വെല്‍ഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനടിയല്‍ ലോക്കറുണ്ടാക്കുകയായിരുന്നു. ലിജീഷിനെ പിടികൂടിയതിന് പിന്നാലെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ലഡ്ഡു വിതരണം ചെയ്താണ് പൊലീസുകാര്‍ ആഘോഷിച്ചത്. ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതല്‍ സഹിതം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും.
കഴിഞ്ഞമാസം 20നാണ് അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ വന്‍ മോഷണം നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ മധുരയില്‍ പോയ അഷ്‌റഫും കുടുംബവും നവംബര്‍ 24ന് രാത്രിയില്‍ മടങ്ങിയെത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത് മോഷ്ടിച്ചത്.
വെല്‍ഡിങ് തൊഴിലാളിയായ ലിജീഷ് തൊഴില്‍ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ലോക്കര്‍ തകര്‍ത്തത്. വീട്ടിലെ സി.സി.ടി.വിയില്‍ നിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ 20നും 21നും രാത്രിയില്‍ വീട്ടില്‍ കടന്നതായും തെളിഞ്ഞിരുന്നു. എന്നാല്‍, സി.സി.ടി.വിയില്‍ മുഖം വ്യക്തമല്ലായിരുന്നു. ജനലും ലോക്കറുമെല്ലാം കൂടുതല്‍ പരിക്കില്ലാതെ കൃത്യമായി മുറിച്ചുമാറ്റിയത് വെല്‍ഡിങ് വൈദഗ്ധ്യമുള്ള ഒരാളാകാം മോഷ്ടാവെന്ന നിഗമനത്തിലെത്താന്‍ പൊലീസിന് സഹായകമായി.
ആദ്യത്തെ ദിവസത്തെ മോഷണം കഴിഞ്ഞ് രണ്ടാംദിവസവും പ്രതി വീട്ടിനുള്ളില്‍ കടന്നതായി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. അഷ്‌റഫ് മടങ്ങിവന്നിട്ടില്ലെന്ന് കൃത്യമായി അറിയുന്നയാളാണ് പ്രതിയെന്ന് ഇതില്‍ നിന്നും പൊലീസ് മനസ്സിലാക്കി. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയില്‍ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാള്‍ക്ക് അത് തുറക്കാനാവില്ലെന്നും പൊലീസ് വിലയിരുത്തി. തുടര്‍ന്നാണ്, എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം ലിജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.