കൊച്ചി: ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ കുളമാവുനില്‍ക്കുന്നതില്‍ വീട്ടില്‍ ജിഷ കെ. ജോയി (41) ആണ് അറസ്റ്റിലായത്. കൊച്ചി സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് പൊലീസ് ജിഷയെ അറസ്റ്റ് ചെയ്തത്. അഭിഭാഷക ചമഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്.
ഹൈക്കോടതിയിലെ അഭിഭാഷകയാണെന്നും മജിസ്‌ട്രേറ്റ് പരീക്ഷാവിജയികളുടെ പട്ടികയില്‍ പേരുണ്ടെന്നുമായിരുന്നു ജിഷ യുവാവിനോട് പറഞ്ഞിരുന്നത്. മജിസ്ട്രേറ്റായി ഉടൻ നിയമനം ലഭിക്കുമെന്നും ഇവർ യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഹൈക്കോടതിയില്‍ അസിസ്റ്റന്റായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2.15 ലക്ഷം വാങ്ങി. പിന്നീട് അമേരിക്കയിലുള്ള ബന്ധുവിന്റെ പഠനാവശ്യത്തിനെന്നുപറഞ്ഞ് 6.5 ലക്ഷവും കൈക്കലാക്കി. എന്നാല്‍, ജോലിയും നല്‍കിയ പണവും ലഭിക്കാതായതോടെ യുവാവ് പോലീസിനെ സമീ പിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജിഷയെ അറസ്റ്റ് ചെയ്തത്.
ജിഷയ്ക്കെതിരെ മുമ്പും ചില കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. മുക്കുപണ്ടം പണയംവെച്ചുള്ള തട്ടിപ്പിന് ജിഷയെതിരേ പത്തനംതിട്ട, റാന്നി, തിരുവല്ല എന്നിവിടങ്ങളില്‍ കേസുണ്ടെന്ന് സൗത്ത് പോലീസ് വ്യക്തമാക്കി.