തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ 18 കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആണ്‍സുഹൃത്ത് ബിനോയിയെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിന്‍രെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയും, ബിനോയിയും (21) തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ രണ്ടു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. അക്കാലത്ത് റിസോര്‍ട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രണമുണ്ടായതായി പൊലീസ് കോടതിയെ അറിയിച്ചു.
പ്രതി പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഗുളികകള്‍ വാങ്ങി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കൊണ്ടുപോയ വാഹനങ്ങള്‍ കണ്ടെത്താനും മറ്റിടങ്ങളില്‍ തെളിവെടുപ്പ് നടത്താനും മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബിനോയിയെ കേസില്‍ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു.
പീഡനം നടന്നത് പ്രായപൂര്‍ത്തിയാകും മുമ്പാണെന്ന് വ്യക്തമായതോടെയാണ് പോക്സോ ചുമത്തിയത്. അനധികൃതമായി ഗര്‍ഭഛിദ്രം നടത്തിയതിന് 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിനോയിയെ സിജെഎം കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളില്‍ ബിനോയിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വര്‍ക്കലയിലെ റിസോര്‍ട്ടിലടക്കം പൊലീസ് പരിശോധന നടത്തി. ബിനോയിയുടെ ഫോണില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.പെണ്‍കുട്ടിയുടെ യു ട്യൂബ് വരുമാനം ആണ്‍ സുഹൃത്ത് തട്ടിയെടുത്തുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി എഴുതിയിരുന്നു. ‘ബിനോയിയോടു പറയണം സന്തോഷമായിരിക്കാന്‍. ഇനി തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ സാധിക്കില്ലയെന്നും’ കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. കൗണ്‍സിലിങ്ങിനു വിധേയയായി പെണ്‍കുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു. ബിനോയിയുടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരിക്കാവുന്ന കമന്റുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്തെ പോലീസ് സൈബര്‍ ടീം ഈ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ച് വരികയാണ്.