വണ്ണപ്പുറം (ഇടുക്കി): കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല് ഓമന (65) യാണ് മരിച്ചത്. കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് തിരികെ വരുംവഴിയായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ദിവാകരനും ഒഴുക്കില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. വണ്ണപ്പുറത്ത് ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ കനത്ത മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു. ഓമനയും ഭര്‍ത്താവും വൈകീട്ട് ആറോടെ പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോകുകയായിരുന്നു.
വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുമ്പോള്‍ ചെറിയ നീര്‍ചാല്‍ കടക്കുന്നതിനിടെ കോട്ടപ്പാറ മലമുകളില്‍ നിന്ന് പെട്ടെന്ന് മലവെള്ളം പാഞ്ഞെത്തുകയായിരുന്നു. ഓമന ഒഴുകിപ്പോയി. ദിവാകരന്‍ എവിടെയോ പിടിച്ചു നിന്നു കരയ്ക്ക് കയറി. പരിക്കേറ്റെങ്കിലും മുകളിലേക്ക് കയറി വന്ന് അവിടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കൊണ്ടിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരോട് വിവരം പറഞ്ഞു. അവശനായ ദിവാകരന്‍ അപ്പോള്‍ തന്നെ കുഴഞ്ഞുവീണു. ഉടന്‍തന്നെ ദിവാകരനെ ആശുപത്രിയില്‍ കൊണ്ടുപോയി.