ഐബി ഉദ്യോഗസ്ഥ മേഘ റെയില്‍വേ ട്രാക്കില്‍ മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. (IB officer Megha’s death on railway tracks has led to the dismissal of his colleague Sukant Suresh.) ലൈംഗിക പീഡനം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി സുകാന്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇക്കാര്യം പോലീസ് ഐബിയെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
മാര്‍ച്ച് 24 നാണ് യുവതിയെ തിരുവനന്തപുരം പേട്ട റയില്‍വേ മേല്‍പ്പാലത്തിന് സമീപം ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ സംസാരിച്ച് വരികയായിരുന്ന യുവതി ട്രയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് മൊഴി നല്‍കിയത്. പിന്നാലെ കുടുംബം സഹപ്രവര്‍ത്തകനെതിരെ ആരോപണം ഉന്നയിച്ചെങ്കിലും പേട്ട പോലീസ് കാര്യമായി എടുത്തില്ല. ആദ്യഘട്ടത്തിലെ ഈ പിഴവാണ് പ്രതിയായ സുകാന്തിന് രക്ഷപ്പെടാന്‍ സഹായമായത്.
പെണ്‍കുട്ടിയെ സുകാന്ത് ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും കണ്ടെത്തിയത് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലായിരുന്നു. ശമ്പളമായി ലഭിച്ച പണം മുഴുവന്‍ തട്ടിയെടുത്തു എന്ന് കണ്ടെത്തിയതും പിതാവാണ്. ഇക്കാര്യങ്ങള്‍ കുടുംബം ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പോലീസ് ഗുരുതര വകുപ്പുകള്‍ ഇട്ട് കേസെടുത്തത്.
സുകാന്തിനായി പല സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടുംബത്തെ അടക്കം കൂട്ടിയാണ് സുകാന്ത് രക്ഷപ്പെട്ടിരിക്കുന്നത്.