കൊച്ചി (Kochi) : കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രായാധിക്യത്തില്‍ ആറ് മാസം മുമ്പുണ്ടായ വീഴ്ചയില്‍ കത്രിക്കുട്ടി കിടപ്പിലായി. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്.
കിടപ്പിലായ ഭാര്യയെ പരിചരിച്ചിരുന്നത് ഭര്‍ത്താവ് തന്നെയായിരുന്നു. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ മറ്റേതെങ്കിലും കാരണങ്ങളും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിക്കും. സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ (86) പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.