വെഞ്ഞാറമൂട് (Venjarammood) : അരുംകൊല നടത്താൻ ഉപയോഗിച്ച ചുറ്റിക പ്രതി അഫാൻ വാങ്ങിയത് കടം വാങ്ങിയ പണം ഉപയോഗിച്ചെന്ന് മൊഴി. (It is stated that accused Afan bought the hammer used to commit the murder using borrowed money.) വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് സ്വർണം പിന്നെ തരാമെന്ന് പറഞ്ഞ് പണം കടം വാങ്ങി. ഈ പണം ഉപയോഗിച്ചാണ് ചുറ്റിക വാങ്ങിയത്. പിന്നീട് ഉമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം സ്വർണം സ്ഥാപനത്തിൽ ഏൽപ്പിക്കുകയായിരുന്നു എന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. സ്വർണം പണയം വെച്ച കാര്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
കൊലപാതകത്തിനുശേഷം കുളിച്ച് വസ്ത്രം മാറിയാണ് അഫാൻ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. പിതാവിന്റെ കടബാധ്യത തീർക്കാനാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പിതാവിന്റെ കടബാധ്യത തീർക്കാൻ ഒരു മാർഗവും കണ്ടില്ല. ബന്ധുക്കളെ സമീപിച്ചപ്പോൾ അവരും സഹായിച്ചില്ല. അതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാൻ നൽകിയ മൊഴി. എന്നാൽ, ഈ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.
അഫാൻ ഒറ്റയ്ക്കാണ് അരുംകൊല നടത്തിയതെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽനിന്നും പ്രാഥമിക അന്വേഷണത്തിലും ഇത് വ്യക്തമാകുന്നുണ്ട്. എന്താണ് കൊലപാതക കാരണമെന്നും പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെയാണ് അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായി കൊലപ്പടുത്തിയത്.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന മുത്തശി സൽമാബീവിയെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്.
തുടർന്നാണ് പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയത്. പിന്നാലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു.