കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ രണ്ട് ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് നിർദേശം. ഈ മാസം അവസാനം ഹാജരാകണമെന്ന നിർദ്ദേശം നൽകി എക്സൈസ് കമ്മിഷണർ. (Two officials have been directed to appear in the ganja case against Kayamkulam MLA U Pratibha’s son. The Excise Commissioner has given instructions to appear at the end of this month.) നടപടി, യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ. കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോടാണ് തിരുവനന്തപുരത്തെ എക്സൈസ് ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ എക്സൈസ് കേസെടുത്തത് കഴിഞ്ഞ നവംബറിലാണ്. എന്നാൽ മകനെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിഭ. മകന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും മെഡിക്കൽ പരിശോധന നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതയിൽ യു പ്രതിഭ ആരോപിക്കുന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും കത്തിൽ ആരോപിക്കുന്നു.
സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി എക്സൈസ് കമ്മീഷണർ തന്നെ നേരിട്ട് രേഖപ്പെടുത്തുമെന്നാണ് വിവരം. നേരത്തെ യു പ്രതിഭയുടെ മകനെതിരെ എക്സൈസ് കേസ് എടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു. ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നാം മാസമാണ് കൊല്ലം ജില്ലക്കാരനായ കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൂടുതൽ ഉദ്യോഗസ്ഥർക്കും നടപടി ഉണ്ടാകും എന്നാണ് സൂചന. അതേസമയം പ്രതിഭയുടെ മകന്റെ പക്കൽ നിന്നും കൂടുതൽ അളവിൽ കഞ്ചാവ് പിടികൂടിയെന്നും എഫ്ഐആറിൽ അത് കുറച്ചു മാത്രമാണ് രേഖപ്പെടുത്തിയതെന്നുമാണ് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നത്.