ഭുവന്വേശ്വർ (Bhuvaneshwar) : ഒഡിഷയിലെ ബാലൻഗീറിലെ തിതിലാഗഡിലാണ് സംഭവം. അച്ഛനും അമ്മയ്ക്കും അനുജനോട് ഇഷ്ടം കൂടുതൽ. 12 കാരനായ സഹോദരനെ കൊലപ്പെടുത്തി വീടിന് സമീപത്ത് കുഴിച്ചുമൂടി പതിനേഴുകാരൻ. (Father and mother love their younger brother more. A 17-year-old boy killed his 12-year-old brother and buried him near his house.)
ഇളയ മകനെ കാണാനില്ലെന്ന പരാതിയിൽ വീട്ടുകാർക്കും പൊലീസിനും ഒരു സൂചന പോലും നൽകാതെ കൊലപാതകം രഹസ്യമാക്കി വച്ച കൗമാരക്കാരൻ കുടുങ്ങിയത് ആഴ്ചകൾക്ക് ശേഷം. ശനിയാഴ്ചയാണ് കൗമാരക്കാരനെ പൊലീസ് പിടികൂടിയത്.
മാതാപിതാക്കൾ അനുജനോട് പക്ഷഭേദം കാണിക്കുകയും താൻ ഒറ്റപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സഹോദരനെ കൊന്നതെന്നാണ് 17കാരൻ പൊലീസിനോട് വിശദമാക്കിയത്. 45 ദിവസത്തോളം 12കാരനെ കാണാതായ സംഭവത്തിൽ പൊലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല. മാതാപിതാക്കളെ വീണ്ടും വീണ്ടും ചോദ്യം ചെയ്തതിൽ നിന്ന് മൂത്ത മകൻ ഒരു ദിവസം വീട് വൃത്തിയാക്കിയിരുന്നുവെന്നും പതിവായി ചെയ്യുന്ന കാര്യമായിരുന്നില്ല ഇതെന്നുമെന്ന് അമ്മ ഓർത്തെടുത്തതാണ് കേസിൽ പൊലീസിന് തുമ്പായത്.
ഇതിന് പിന്നാലെ പൊലീസ് പതിനേഴുകാരനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പിടിച്ച് നിൽക്കാനാവാതെ കൗമാരക്കാരൻ കുറ്റം സമ്മതിക്കുകയായിരുന്നു. അനുജനെ കുത്തിക്കൊന്നപ്പോൾ തറയിൽ വീണ രക്തം തുടച്ച് നീക്കാനായി ആയിരുന്നു 17കാരൻ വീട് വൃത്തിയാക്കിയത്. തോട്ടത്തിലുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ച് മാതാപിതാക്കളുടെ കിടപ്പുമുറിക്ക് സമീപത്തായി ആയി കുഴി എടുത്താണ് 12കാരനെ കുഴിച്ച് മൂടിയത്.
രാത്രിയിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെയായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. വീട്ടിനകത്ത് കുഴിച്ചിട്ട ശേഷം രാത്രിയിൽ മൃതദേഹം വീട്ടിന് പുറത്തേക്ക് മാറ്റുകയായിരുന്നു. ജൂൺ 29നാണ് ദിവസ വേതനക്കാരായ മാതാപിതാക്കൾ 12കാരനായ മകനെ കാണാനില്ലെന്ന് പരാതി നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന സംശയത്തിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. സമീപ മേഖലയിലെ സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കിയിട്ടും തട്ടിക്കൊണ്ട് പോയെന്ന സംശയത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താൻ സാധിക്കാതെ വന്നതിന് പിന്നാലെയാണ് പൊലീസ് വീട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.