കൊച്ചി: ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തിയ കേസില്‍ വമ്പന്‍ ട്വിസ്റ്റ്. തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൈനോട്ടക്കാരനായ ശശികുമാറാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തെ വിളിച്ച് അറിയിച്ചത്. എന്നാല്‍ കുട്ടിയെയും ശശികുമാറിനെയും വിശദമായി ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ശശികുമാറിനെതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി.
ഇടപ്പള്ളിയിലെ പബ്ലിക് സ്‌കൂളില്‍ എട്ടാം ക്ലാസ് സേ പരീക്ഷയെഴുതാന്‍ പോയ കുട്ടിയെയാണ് കാണാതായത്. രാവിലെ 8.50ന് പിതാവാണ് സ്‌കൂട്ടറില്‍ സ്‌കൂളില്‍ വിട്ടത്. മഴയായത് കാരണം പരീക്ഷ എഴുതിക്കഴിഞ്ഞ കുട്ടിയെ ഉത്തരപേപ്പര്‍ വാങ്ങി അദ്ധ്യാപിക നേരത്തെ വിട്ടു. പുറത്തിറങ്ങിയ കുട്ടി പക്ഷേ ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല. ഇതോടെ പിതാവ് സ്‌കൂളില്‍ വിളിച്ച് അന്വേഷിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.കൊച്ചിയില്‍ നിന്നും പോയ കുട്ടി വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. രാത്രിയായതോടെ ഭയന്ന് കുട്ടി അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോള്‍ സഹായിക്കാമെന്ന് ശശികുമാര്‍ പറഞ്ഞു. എന്നാല്‍ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിന് പിന്നാലെ ശശികുമാര്‍ 13കാരനെ ശാരീരികമായി ഉപദ്രവിച്ചു.ഇതിനിടെയാണ് കുട്ടിയെ കാണാതായ വാര്‍ത്ത ഇയാളുടെ ശ്രദ്ധയില്‍പെടുന്നത്. സംഭവം പ്രശ്‌നമാകുമെന്ന് കണ്ട ഇയാള്‍ മാതാപിതാക്കളെ വിളിച്ച് കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു. ശശികുമാറിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതോടെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പുറത്തറിയുന്നത്. പോക്സോ 7,8 വകുപ്പുകള്‍ ചേര്‍ത്ത് കൈനോട്ടക്കാരനെതിരെ കേസെടുത്തിട്ടുണ്ട്.