മരുന്നുമാറി കുത്തിവച്ച സംഭവം; ഡ്യൂട്ടി നഴ്സിന്റെ വീഴ്ച…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ 11 കാരനെ മരുന്നുമാറി കുത്തിവച്ച സംഭവത്തിൽ ഡ്യൂട്ടി നഴ്സ് ചുമതല കൃത്യമായി നിർവഹിച്ചില്ലെന്ന് കണ്ടെത്തൽ. കുത്തിവ‌യ്പും മരുന്ന് നൽകലും കൃത്യമായി പരിശോധിച്ച് ഉറപ്പാക്കി നിർദേശം നൽകേണ്ട ഡ്യൂട്ടി നഴ്സ് അത് ചെയ്യാതെ മറ്റു ജോലികളിൽ ഏർപ്പെട്ടെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്. ഇക്കാരണത്താലാണ് ഡ്യൂട്ടി നഴ്സ് സിനു ചെറിയാനെ സസ്‌പെൻഡ് ചെയ്തത്. എൻ.എച്ച്.എം നഴ്സ് അഭിരാമിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. കുത്തിവയ്പ് എടുത്തത് അഭിരാമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. എന്നാൽ മരുന്ന് മാറി കുത്തിവച്ചതായി ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവിദഗ്ദ്ധരെ ചുമതലപ്പെടുത്തി.

മരുന്ന് മാറിയതിനാലാണ് കുട്ടി നിലവിലെ അവസ്ഥയിൽ എത്തിയതെന്ന് എസ്.എ.ടി ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ രണ്ടു റിപ്പോർട്ടുകളും ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. സംഭവ ദിവസം ഒരു നഴ്സ് അവധി അപേക്ഷ നേരത്തെ നൽകിയിരുന്നു. ഇത് അനുവദിച്ച നഴ്സിംഗ് സൂപ്രണ്ട് പകരം ആളിനെ ജോലിക്ക് നിയോഗിച്ചില്ല. പകരം ആളെ നിയോഗിച്ചിരുന്നുവെങ്കിൽ ഡ്യൂട്ടി നഴ്സ് സിനുവിന് മറ്റു ജോലികൾ ചെയ്യാതെ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. പകരം മറ്റൊരാളെ ജോലിക്ക് നിയോഗിക്കാതിരിക്കുന്നതിനാണ് നഴ്സിംഗ് സൂപ്രണ്ട് സ്‌നേഹലതയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ഡി.എം.ഒ തലത്തിൽ നടക്കുന്ന വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതമായി തുടരുകയാണ്. കണ്ണമ്മൂല സ്വദേശി രാജേഷിന്റെ മകനാണ് കഴിഞ്ഞ 30ന് രാവിലെ തൈക്കാട് ആശുപത്രിയിൽ വച്ച് മരുന്നുമാറി കുത്തിവച്ചതായി ആരോപണം ഉയർന്നത്. തുടർന്ന് നെഞ്ചുവേദനയും ഛർദ്ദിയുമുണ്ടായ കുട്ടിയെ എസ്.എ.ടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്കൊപ്പം ആശുപത്രിയിലായതിനാൽ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ല.

See also  ‘എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും തനിക്കു പ്രശ്നമല്ല, തൃശൂർ ബിജെപിക്കു തന്നെ’; സുരേഷ് ഗോപി

Related News

Related News

Leave a Comment