ദിവ്യയുടെ സെനറ്റ് അംഗത്വ വിവാദം ; ‘പരാതി ലഭിച്ചാൽ നിയമാനുസൃത നടപടിയുണ്ടാകും’ ഗവർണർ

Written by Web Desk1

Published on:

കണ്ണൂർ (Kannoor) : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയും കണ്ണൂർ എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുമായ പി പി ദിവ്യക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് ഗവർണർ. ദിവ്യ കണ്ണൂർ സർവകലാശാല സെനറ്റിൽ തുടരുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്.

പരാതി ലഭിക്കുന്ന സാഹചര്യത്തിൽ വിശദീകരണം ചോദിക്കുമെന്നും വ്യക്തിപരമായ വിഷയങ്ങളെ പറ്റി ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ പരാതി ലഭിച്ചാൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യലിൽ പി പി ദിവ്യ നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എ ഡി എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ലെന്നാണ് ദിവ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ, പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകിയിട്ടുണ്ട്. പ്രശാന്തുമായി ഫോൺവിളികളും ഉണ്ടായിട്ടില്ല, ജില്ല പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണ് പ്രശാന്തെന്നും ദിവ്യ പറഞ്ഞു. ഇന്നലെ രണ്ടര മണിക്കൂര്‍ നീണ്ട പൊലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ ദിവ്യ പറഞ്ഞത്.

എന്നാൽ കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവത്തിന് പിന്നിലെ തെളിവുകളെക്കുറിച്ച് ദിവ്യ പൊലീസിന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന നിലപാടിലാണ് പൊലീസ്. ആരോപണമുയർന്ന കളക്ടർക്കെതിരെ എന്ത് നടപടി എന്ന സംശയങ്ങളും ഇതോടെ ശക്തമായിട്ടുണ്ട്. അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇതിന് ശേഷമാകും അന്തിമ തീരുമാനമെന്നാണ് സൂചന.

See also  ദളിത് ബന്ധു എൻ കെ ജോസ് വിടവാങ്ങി

Leave a Comment