കോഴിക്കോട് (Kozhikodu) : കോഴിക്കോട് താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ്. (The police have charged murder in the death of Mohammad Shahbaz, a class 10 student of Kozhikode’s Tamarasseri.) കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാൻ രക്ഷിതാക്കള്‍ക്ക് നിർദേശം നല്‍കി. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത അഞ്ച് പേരെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ ശേഷമായിരുന്നു ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്.
ഷഹബാസിന്‍റെ തലയ്‌ക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചാണ് എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അതേസമയം ഷഹബാസിനെ ആക്രമിക്കുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലുള്ള വിദ്യാര്‍ഥികളുടെ ചാറ്റ് പുറത്ത് വന്നിട്ടുണ്ട്. ‘ഷഹബാസിനെ താനിന്ന് കൊല്ലുമെന്ന് ഒരു വിദ്യാര്‍ഥി പറയുന്നുണ്ട്. താന്‍ പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യും. ഓന്‍റെ കണ്ണ് ഒന്ന് പോയി നോക്ക്. ഓന് കണ്ണൊന്നും ഇല്ല. മരിച്ച് കഴിഞ്ഞാലും വലിയ വിഷയൊന്നൂല്ല. കൂട്ടത്തല്ലില്‍ കൊല്ലപ്പെട്ടാലും കേസുണ്ടാകില്ലെന്നും’ ചാറ്റില്‍ വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്.
ഇന്‍സ്റ്റ്‌ഗ്രാമിന് പുറമെ വാട്‌സ്‌ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കിയും വിദ്യാര്‍ഥികള്‍ സംഘര്‍ഷത്തിനുള്ള ചര്‍ച്ചകളും ആസൂത്രണങ്ങളും നടത്തിയിട്ടുണ്ട്.സംഘര്‍ഷത്തില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് ഇന്ന് പുലര്‍ച്ചെ 12.30നാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ഷഹബാസ്.
എളേറ്റില്‍ വട്ടോളി എംജെ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും താമരശ്ശേരി ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുമാണ് പരസ്‌പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവത്തിന്‍റെ തുടക്കം. ട്യൂഷൻ സെൻ്ററില്‍ പത്താം ക്ലാസുകാരുടെ ഫെയർവെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഫെയര്‍വെല്‍ പാര്‍ട്ടിക്കിടയിലുണ്ടായ ചെറിയ വാക്കേറ്റത്തിന്‍റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ വീണ്ടും ഏറ്റുമുട്ടിയത്.