ജയ്പൂര്‍ (Jaipur) : നിറത്തിന്റെ പേരില്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ച് ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ഭർത്താവിന് വധശിക്ഷ. (A husband was sentenced to death for pouring acid on his wife and setting her on fire over her skin color.) ലക്ഷ്മി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍ സ്വദേശിയായ കിഷനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇരുണ്ട നിറത്തിന്റെയും അമിതഭാരത്തിന്റെയും പേരില്‍ കിഷൻ യുവതിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇരുവരും പതിവായി വഴക്കിട്ടിരുന്നു. ഒരു രാത്രി മരുന്നെന്ന് പറഞ്ഞ് ലക്ഷ്മിക്ക് കിഷന്‍ ആസിഡ് നല്‍കി. അത് ശരീരത്തില്‍ മുഴുവന്‍ പുരട്ടിയതോടെ ഒരു തരം ആസിഡിന്റെ ഗന്ധം വരുന്നെന്ന് യുവതി പറഞ്ഞു. എന്നാല്‍ കിഷന്‍ അത് ഗൗനിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ഒരു ചന്ദനത്തിരി കത്തിച്ച് യുവതിയുടെ വയറ്റില്‍ വെച്ചു. ഇതോടെ യുവതിയുടെ ശരീരത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. യുവതിയുടെ ദേഹത്ത് തീ ആളിപ്പടരുന്നതിനിടെ ബാക്കിവന്ന ആസിഡ് കൂടി ഇയാള്‍ ഭാര്യയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ഇതോടെ യുവതി മരിക്കുകയായിരുന്നു.
തുടർന്ന് ഉദയ്പൂരിലെ വല്ലഭ്‌നഗർ പൊലീസ് സ്റ്റേഷനിൽ പ്രതിയായ കിഷനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതി ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയെ അധിക്ഷേപിക്കാറുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതുകൊണ്ടാണ് യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് തീ കൊളുത്തിയതെന്നും ഗുരുതരമായി പൊള്ളലേറ്റാണ് യുവതി മരിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ വ്യക്തമാക്കി.
ഇത്തരം കേസുകള്‍ ഇക്കാലത്ത് ധാരാളമായി നടക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ജഡ്ജി സമൂഹത്തില്‍ കോടതിയെക്കുറിച്ചുള്ള ഭയം നിലനിര്‍ത്തുന്നതിനായി പ്രതിക്ക് വധശിക്ഷ നല്‍കുന്നതായി വിധിയില്‍ പറഞ്ഞു.