കൊച്ചി : കൂട്ടുകാര്‍ക്കൊപ്പം കളിച്ച ശേഷം ലഡ്ഡുവും അല്പം ഗോതമ്പ് ഉപ്പുമാവും കഴിച്ചു. തിരുവാണിയൂര്‍ പഞ്ചായത്തിലെ 69-ാം നമ്പര്‍ അങ്കണവാടിയില്‍ ഇന്നലെ വൈകിട്ട് മൂന്നേകാലോടെ അമ്മ സന്ധ്യ എത്തുമ്പോള്‍ മൂന്നര വയസുകാരി കല്യാണി ഉറക്കം കഴിഞ്ഞ് പാലു കുടിക്കുന്ന സമയമായിരുന്നു. മൂന്നരയോടെ അമ്മ സന്ധ്യയുടെ കയ്യും പിടിച്ച് സന്തോഷത്തോടെ പുറത്തേക്ക് പോയ കല്യാണി. ഒരു നാടിന് മുഴുവന്‍ തീരാനോവായിരിക്കുകയാണ് മൂന്നര വയസ്സുകാരി.പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് പിതാവ് സുഭാഷിന്റെ വീടായ തിരുവാണിയൂര്‍ മറ്റക്കുഴി കിഴിപ്പിള്ളില്‍ വീട്ടിലേക്ക് കൊണ്ടുവരും. ഇവിടെയാണ് സംസ്കാരം
സന്ധ്യ കുഞ്ഞിനെ പുഴയിലെറിഞ്ഞു എന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് ചെങ്ങമനാട് പൊലീസ് വ്യക്തമാക്കുന്നത്. എന്തിനാണ് കുഞ്ഞിനെ കൊന്നത് എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കണ്ടെത്തേണ്ടത്. ആലുവ ഡിവൈഎസ്പിയുടെയും റൂറല്‍ എസ്പിയുടെയും ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. സന്ധ്യയുടെ മാനസികാരോഗ്യവും പരിശോധിച്ചേക്കും. സന്ധ്യയുടെ മാനസിക നിലയെക്കുറിച്ചും ഭര്‍തൃവിട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ചകളും സജീവാണ്.
കുഞ്ഞിനെ കൊലപ്പെടുത്തിയതു സംബന്ധിച്ച് സന്ധ്യയുടെ വീട്ടുകാരും സുഭാഷും പറയുന്നത് സന്ധ്യക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നാണ്. എന്നാല്‍ ബന്ധുക്കളും അയല്‍ക്കാരും പറയുന്നത് മറിച്ചും. പലപ്പോഴും കുട്ടിയെ അകാരണമായി അടിക്കുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്നതായിരുന്നു സന്ധ്യയുടെ പ്രകൃതമെന്നും ഇതുമൂലം ഒരിക്കല്‍ കല്യാണിയേയും മൂത്ത കുട്ടിയേയും സന്ധ്യയുടെ അമ്മ തന്നെ സുഭാഷിന്റെ വീട്ടില്‍ കൊണ്ടാക്കിയെന്നും പറയപ്പെടുന്നുണ്ട്. സന്ധ്യക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇടയ്ക്ക് സന്ധ്യയുടെ പെരുമാറ്റം മൂലം മാനസികാരോഗ്യ പരിശോധനയ്ക്ക് ഭര്‍ത്താവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും ഇപ്രകാരം പരിശോധന നടത്തിയെന്നും സന്ധ്യയുടെ അമ്മ അല്ലി പറയുന്നുണ്ട്. എന്നാല്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. മകളെ സുഭാഷ് മര്‍ദിച്ചിരുന്നു എന്നും അമ്മ പറയുന്നുണ്ട്.