നാല് വര്‍ഷം ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഗുണ്ടയായ പ്രതിക്ക് 86 വര്‍ഷം കഠിന തടവും 75,000രൂപ പിഴയും

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ഒന്‍പത് വയസ്സുകാരിയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ച കേസില്‍ പത്തോളം കേസില്‍ പ്രതീയായ കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാര്‍(41) നെ 86 വര്‍ഷം കഠിനതടവും 75000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2015 കാലഘട്ടത്തില്‍ കുട്ടിക്ക് 9 വയസ്സ് ആയിരുന്നപ്പോള്‍ മുതലാണ് പ്രതി ആദ്യമായി പീഡിപ്പിച്ചത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസില്‍ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ചത്. ആ വര്‍ഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്റെ പിന്‍ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്ന് 2019ല്‍ പ്രതി രണ്ട് തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാല്‍ കുട്ടി പുറത്തുപറയാന്‍ ഭയന്നു.

ഇതേ വര്‍ഷം തന്നെ കുട്ടിയെ കാറില്‍ തട്ടി കൊണ്ട് പോയി കാറിനുള്ളില്‍ വെച്ചും പീഡിപ്പിച്ചു. മറെറാരുദിവസം കുട്ടിയെ ഭീഷണി പെടുത്തി ഒരു സ്വകര്യസ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കാന്‍ പറഞ്ഞ് വിട്ടപോള്‍ ആണ് സംഭവം പുറത്ത് വന്നത്. സാധനങ്ങള്‍ മോഷ്ടിക്കവെ പിടിക്കപ്പെട്ടപ്പോള്‍ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങള്‍ എടുത്തത് എന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട് വെളിപ്പെടുത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരികള്‍ പുറത്ത് വന്ന് നോക്കിപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് ജീവനക്കാരികള്‍ കുട്ടിയോട് പ്രതിയെ പറ്റി വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ആണ് പീഡനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. വിവരം അറിഞ്ഞ ജീവനക്കാരികള്‍ കുട്ടിയെ വീട്ടില്‍ കൊണ്ടാക്കുകയും കുട്ടിയുടെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തു. വിവരം അറിഞ്ഞ വീട്ടുകാര്‍ പേരൂര്‍ക്കട പോലീസില്‍ പരാതി കൊടുക്കുകയിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങള്‍ അനുസരിച്ച് പോലീസ് പ്രതിയുടെ ഫോണിന്റെ കാള്‍ ഡീറ്റൈല്‍സ് എടുത്തപ്പോള്‍ പ്രതിയുടെ സാന്നിധ്യം ഈ പ്രദേശങ്ങളില്‍ സംഭവ സമയങ്ങളില്‍ ഉണ്ടായതായി തെളിഞ്ഞു. പ്രതിയായ ലാത്തി രതീഷ് പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കാനായി പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും കോടതി വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്. വിജയ് മോഹന്‍, അഡ്വ. അതിയനൂര്‍ അര്‍. വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന്‍ 33 സാക്ഷികളെ വിസ്തരിക്കുകയും, 40 രേഖകളും 2 തൊണ്ടിമുതലുകളും ഹാജരാക്കി. പേരൂര്‍ക്കട പോലീസ് ഇന്‍സ്‌പെക്ടര്‍ വി. സൈജുനാഥ്, എസ്‌ഐ. സഞ്ജു ജോസഫ് ആണ് കേസ് അന്വേഷിച്ചത്.

Leave a Comment