അവിവാഹിതയായ ഡോണ പ്രസവിച്ച ശേഷം കുഞ്ഞിനെ കുഴിച്ചുമൂടിയ കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ടുപ്രതികളെ അഞ്ചുദിവസത്തേക്ക് പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. രണ്ടാംപ്രതി തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്തും മൂന്നാംപ്രതിയുമായ തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരെയാണ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
നവജാതശിശുവിനെ കൊണ്ടുപോകാന്‍ തോമസ് ജോസഫും അശോക് ജോസഫും രാത്രിയില്‍ ഡോണയുടെ വീട്ടിലെത്തിയത് ബൈക്കിലാണെന്ന് പോലീസിനു വിവരം ലഭിച്ചു. രണ്ടാംനിലയിലെ സണ്‍ഷെയ്ഡിലൂടെയാണ് കുഞ്ഞിനെ ഡോണ കൈമാറിയതെന്നാണു വിവരം. കാനഡയില്‍ ജോലിക്കുപോകാനുള്ള ശ്രമത്തിലായിരുന്നു തോമസ് ജോസഫും ഡോണാ ജോജിയും. ഇതുമൂലമാണോ ഗര്‍ഭധാരണം മറച്ചുവെച്ചതെന്നതിനും വ്യക്തതയില്ല. മാസമെത്തിയശേഷമാണ് പ്രസവിച്ചതെന്നു മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ഏഴിന് രാത്രി 1.30-ഓടെയാണ് ഡോണ പ്രസവിച്ചത്. എട്ടിന് രാത്രിയോടെയാണ് കുഞ്ഞിനെ തോമസിനു കൈമാറിയത്.
കുഞ്ഞ് ജനിച്ചശേഷം ഒരിക്കല്‍ കരഞ്ഞെന്നും പിന്നീട് കരഞ്ഞില്ലെന്നും മരിച്ചു പോയിരിക്കാമെന്നു കരുതിയെന്നുമാണ് ഡോണയുടെ ഒരു മൊഴി. അമ്മത്തൊട്ടിലില്‍ നല്‍കാനാണ് കുഞ്ഞിനെ തോമസ് ജോസഫിന് കൈമാറിയതെന്നാണ് മറ്റൊരു മൊഴി. മരിച്ചു പോയെന്നു കരുതിയ കുഞ്ഞിനെ എന്തിനാണ് അമ്മത്തൊട്ടിലില്‍ നല്‍കാന്‍ പറഞ്ഞതെന്നത് അവ്യക്തമാണ്. പ്രസവിച്ച ഉടനെ തനിക്ക് ബോധം പോയെന്നും ഏറെ നേരത്തിനു ശേഷമാണ് ബോധം വന്നതെന്നും ഡോണ പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ശുശ്രൂഷയോ, സഹായമോ ഇല്ലാതെ തനിച്ചുള്ള പ്രസവത്തില്‍ സ്വാഭാവികമായും ബോധക്ഷയം ഉണ്ടാകും. ഡോണ കുഞ്ഞിനെ കൈമാറിയപ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന മൊഴിയാണ് തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കൊടുത്തിരിക്കുന്നത്. പ്രസവ ശേഷം വീടിന്റെ പാരപ്പറ്റിലും പടികള്‍ക്കു താഴെയുമായാണ് കുഞ്ഞിനെ പൊതിഞ്ഞു സൂക്ഷിച്ചത്. പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് തോമസ് ജോസഫിന് കുഞ്ഞിനെ കൈമാറുന്നത്. തകഴിയില്‍ പാടശേഖരത്തിലെ പുറംബണ്ടിലാണ് മറവ് ചെയ്തത്.