ബെംഗളൂരു (Bangalur) : കർണാടകയിലെ കാർവാറിൽ ദേശീയ പാതയിൽ പാലം തകർന്ന് അപകടം. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ലോറി പുഴയിൽ വീണു. അർദ്ധരാത്രി ഒരുമണിയോടെയാണ് സംഭവം. കാർവാറിനെയും ഗോവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാളി പാലമാണ് തകർന്നത്. അപകടത്തിൽപ്പെട്ട ലോറി ഡ്രൈവറെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി.
തമിഴ്‌നാട് സ്വദേശി മുരുകനെയാണ് (37) നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഇയാൾക്ക് തലയ്‌ക്കും ശരീരത്തിലും പരിക്കുകൾ ഏറ്റിട്ടുണ്ട്. 40 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈ മേഖലയിൽ പുതിയ പാലം പണിതിരുന്നു. എന്നാൽ ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപൊയ്‌ക്കൊണ്ടിരുന്നത് പഴയ പാലത്തിലൂടെയായിരുന്നു. അപകടത്തെ തുടർന്ന് അധികൃതർ പുതിയ പാലത്തിന്റെയും സുരക്ഷാ പരിശോധനകൾ നടത്തുന്നുണ്ട്.