കൊല്ലം ( Kollam ) : കൊല്ലം സ്വദേശി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ ഷാര്‍ജയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. (After Kollam native Atulya was found dead in Sharjah, her husband Satheesh was fired from his job.) ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നതായി കമ്പനി സതീഷിന് രേഖാമൂലം കത്ത് നല്‍കി. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്.
അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. അതേസമയം അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കേരളത്തില്‍ എത്തിച്ച ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇയാളെ നാട്ടിലെത്തിക്കാനാണ് ശ്രമം. പാസ്‌പോര്‍ട്ട് ഷാര്‍ജ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും.
അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി (30) നെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കവേയായിരുന്നു മരണം. പിന്നാലെ സതീഷ് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു. സതീഷ് അതുല്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും അതുല്യയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.
പിന്നാലെ കുടുംബത്തിന്റെ പരാതിയില്‍ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കേസെടുക്കുകയായിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് കുടുംബം പറയുന്നത്. അതേസമയം അതുല്യ ആത്മഹത്യ ചെയ്യില്ലെന്നാണ് സതീഷും പറയുന്നത്. ഒന്നുകില്‍ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും അല്ലെങ്കില്‍ കൊലപാതകമാകമാണെന്ന സംശയമുണ്ടെന്നും സതീഷ് പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് സതീഷ് പറഞ്ഞു.