തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ഇളവുചെയ്തതിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കില്ല. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചു. രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീല്‍ തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ശിക്ഷാ വിധി. ജയലിലെ നിനോ മാത്യുവിന്റെ സ്വഭാവ മാറ്റമാണ് ശിക്ഷ കുറയ്ക്കാന്‍ കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അപ്പീല്‍ നല്‍കുന്നതിലെ നിയമ പ്രശ്‌നങ്ങള്‍ പ്രോസിക്യൂഷന്‍ പരിശോധിക്കും. നല്‍കേണ്ടതില്ലെന്നാണ് പ്രാഥമിക നിഗമനം.
സ്വന്തം മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് അനുശാന്തി ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയാണ് അനുശാന്തി. അനുശാന്തിക്കൊപ്പം ടെക്നോപാര്‍ക്കില്‍ ജോലിചെയ്തിരുന്ന നിനോ മാത്യുവാണ് ഒന്നാംപ്രതി. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധമായിരുന്നു കൊലയില്‍ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ശിക്ഷിക്കപ്പെട്ട ശേഷമുള്ള പ്രതിയുടെ പെരുമാറ്റവും കണക്കിലെടുത്ത് മാത്രമാണ് വധശിക്ഷയില്‍ നിനോ മാത്യുവിന് ഇളവ് നല്‍കുന്നത്.
ഹൈക്കോടതി വിധിയില്‍ നിര്‍ണായകമായത് മിറ്റിഗേഷന്‍ റിപ്പോര്‍ട്ടാണെന്നതും പ്രോസിക്യൂഷന് അറിയാം. ഒന്നാം പ്രതി നിനോ മാത്യുവിന്റെ ജയിലിലെ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കോടതി പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്. നിനോ മാത്യു ജയിലില്‍ സഹതടവുകാരോട് നന്നായി പെരുമാറുന്നതും ഇയാള്‍ക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നതും ഭാവിയില്‍ മാനസാന്തരത്തിനുള്ള സാധ്യതയായി കോടതി കണക്കിലെടുത്തു.
അനുശാന്തിയുടെ അപ്പീല്‍ തള്ളിയ ഹൈക്കോടതി വിചാരണ കോടതി വിധിച്ച ഇരട്ടജീവപര്യന്തം ശരിവെച്ചു. അനുശാന്തിയുടെ നാലുവയസുകാരി മകളെയും ഭര്‍ത്താവിന്റെ അമ്മയെയുമാണ് സുഹൃത്തായ നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്.
ജയിലില്‍ സമാധാനപൂര്‍ണമായ ജീവിതമാണ് പ്രതി നയിക്കുന്നത്. ജയില്‍ അധികൃതരുമായി നല്ല ബന്ധം സൂക്ഷിക്കുന്നു, മാതാപിതാക്കള്‍ ഇടയ്ക്കെല്ലാം സന്ദര്‍ശിക്കുന്നു. ജീവിതത്തില്‍ ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് പ്രതി. മകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും സമൂഹത്തിന് ഒരിക്കലും ബുദ്ധിമുട്ടാകില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതിന് മെറ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ സാധൂകരണവും ഉണ്ടായി. അതുകൊണ്ടു തന്നെ അപ്പീല്‍ പോയാലും ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.
2014 ഏപ്രില്‍ 16നാണ് ആറ്റിങ്ങലിലെ വീട്ടില്‍ കയറി നിനോ മാത്യു മൂന്നരവയസ്സുകാരി സ്വാസ്തികയെയും അറുപത് വയസ്സുള്ള ഓമനയെയും വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തവും വിധിച്ച വിചാരണ കോടതി തീരുമാനം ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ക്രൂരമായ ഇരട്ടക്കൊലപാതകത്തിന് രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീല്‍ തള്ളിയ ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഇവരുടെ ഇരട്ടജീവപര്യന്തം ശരിവെച്ചു.
ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യൂവും അനുശാന്തിയും. അനുശാന്തിയുമായുള്ള സൗഹൃദം ഒരുമിച്ച് ജീവിക്കണമെന്ന തീരുമാനത്തിലെത്തിയപ്പോള്‍ തടസം ഒഴിവാക്കാനായിരുന്നു ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിനായി വീടിന്റെ മുഴുവന്‍ ദൃശ്യങ്ങളടക്കം ആഴ്ചകള്‍ക്ക് മുന്‍പെ നിനോ മാത്യുവിന് കൈമാറിയ അനുശാന്തി കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ മുഖ്യപങ്കാളിയായി. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനും ഗുരുതര പരുക്കേറ്റിരുന്നു. മാസങ്ങളുടെ തയ്യാറെടുപ്പില്‍ കൊലപാതകത്തിന് പ്രതികള്‍ കൗണ്ട് ഡൗണ്‍ നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.