തിരുവനന്തപുരം (Thiruvananthapuram) : അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. (The court has sentenced Rajendran, the accused in the Ambalamukku Vineetha murder case, to death.) തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്.
തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ മാനസികനില ഉൾപ്പെടെ പരിശോധിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ഒരു വിധി വന്നിരിക്കുന്നത്.
2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. അലങ്കാര ചെടി വിൽപ്പന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കാനാണ് തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രൻ കൊലപാതകം നടത്തിയത്.
പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിയാണ് സ്വർണം മോഷ്ടിക്കാനായി വിനിതയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.